മലയാളസാഹിത്യഗവേഷണത്തിന്റെ 'ഭാവികാലം'

Education

മലയാളസാഹിത്യഗവേഷണത്തിന്റെ 'ഭാവികാലം'


രണകൂട-ഉന്നതവിദ്യാഭ്യാസനയങ്ങളെയും അവ പ്രദാനം ചെയ്യുന്ന ഭൗതികസൗകര്യങ്ങളെയും മുൻനിർത്തി നടത്തുന്ന ഗവേഷണചർച്ചകൾക്ക് വലിയ പ്രസക്തിയുണ്ട്. അതാണ് ഈ രംഗത്ത് മുഴങ്ങിക്കേൾക്കുന്നതും. അപകടകരമായ നയങ്ങൾ ഗവേഷണരംഗത്തെ പിടിമുറുക്കുമ്പോൾ, ഭൗതികസൗകര്യങ്ങൾ കുറയുമ്പോൾ മികവു കുറയുന്നു എന്ന് കരുതപ്പെടുന്നു. ഗവേഷണം ചെയ്യാനുള്ള അവസരങ്ങളും  ഭൗതികസൗകര്യങ്ങളും കുറവായിരുന്ന കാലത്ത് മികവ് കൂടുതലായിരുന്നു എന്ന് തിരിച്ച് കരുതുന്നവരും ഉണ്ട്. ഗവേഷണം വ്യാപകമായ കാലത്താകട്ടെ, മികവ് രണ്ടുതട്ടിലായിപോയതും കാണാം. അപൂർവം ഉൽപ്പന്നങ്ങൾ മികവുള്ളതാകുമ്പോൾ ഭൂരിഭാഗം വരുന്നവ മൂല്യശോഷണത്തിന് മാതൃകകളാവുന്നു. ഉൽപ്പന്നാധിഷ്ഠിതമാണ് പൊതുവെ ഈ ചർച്ചകൾ. എളുപ്പം പ്രശ്‌നങ്ങളും നിർധാരണങ്ങളും അവതരിപ്പിക്കാൻ ശ്രമിക്കുന്നവ. ഗവേഷണമെന്നത് പ്രക്രിയാപരമായ പുതുക്കൽ കൂടിയാണെന്ന് അവ പലപ്പോഴും തിരിച്ചറിയാറില്ല. 

ഭൗതികാസ്പദങ്ങളെയോ സ്ഥാപനമികവുകളെയോ വ്യക്തിപ്രഭാവങ്ങളേയോ മുൻനിർത്തി മികവിന്റെ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതുപോലെ ഗവേഷണപ്രക്രിയയെയും അതിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും മുൻനിർത്തിയും അത് പരിശോധിക്കാനാവും. അപ്പോഴും വിരുദ്ധധ്രുവങ്ങളായ രണ്ടു ധാരകളായി ഉൽപ്പന്നാധിഷ്ഠിതവും പ്രക്രിയാധിഷ്ഠിതവുമായ ചർച്ചകളെ കാണേണ്ടതുമില്ല. നിശ്ചിതമായ ഉൽപ്പന്നനിർമിതി എന്നതുപോലെ ഭാഷയെയും രീതിശാസ്ത്രത്തെയും അറിവിനെയും സംവേദനത്തെയും പുതുക്കുന്ന പ്രക്രിയകൂടിയാണ് ഗവേഷണം.

സാഹിത്യഗവേഷണത്തെ അധികരിച്ചാണ് ഈ ആലോചന. അതിൽ സാധ്യമായ അനവധി നോട്ടങ്ങളിൽ വ്യാവഹാരികമായ സമീപനങ്ങളെയാണ് ഈ അവതരണം ലക്ഷ്യംവെയ്ക്കുന്നത്. വ്യാവഹാരികമായ നോട്ടങ്ങൾക്ക് പ്രമാണപരമായ വിപുലത അവകാശപ്പെടാനാവുമെങ്കിലും ഇവിടെ പ്രധാനമായും ഗവേഷണപ്രബന്ധങ്ങൾ തന്നെയാണ് പ്രമാണങ്ങൾ. ഇതര പ്രമാണങ്ങളിലേക്കുള്ള സൂചനകൾ മാത്രമേ ഈ അവതരണത്തിലുള്ളൂ. പ്രശ്‌നനിർധാരണമല്ല, അവശ്യമായ ചില സങ്കല്പനങ്ങളുടെ വിമർശനാത്മക വിശദീകരണം മാത്രമാണ് ഇവിടെ നിർവഹിക്കുന്നത്.


Related Articles