ആർത്തിയുടെ കുടവയർ

Education

ആർത്തിയുടെ കുടവയർ


എന്റെ ജീവിതവും സ്വപ്‌നവും തകർന്നു എന്നാണ് തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് എഴുതിയത് എന്ന നിലയിൽ പ്രചരിച്ച ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. അന്വേഷണം അട്ടിമറിക്കാൻ കോളജ് അധികൃതർ വ്യാജമായി ഉണ്ടാക്കിയതാണ് ഈ കുറിപ്പെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. എന്തായാലും ഇതെത്തുടർന്നുള്ള ചർച്ചയിൽ ഒരു വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിക്കുകയുണ്ടായി; ''സ്വാശ്രയകോളജുകളിൽ പ്രവേശനം നേടാനാഗ്രഹിക്കുന്നന്നവർ നേരത്തേതന്നെ ആത്മഹാത്യാക്കുറിപ്പ് എഴുതി ശീലിക്കേണ്ടതാണ്.'' കേരളത്തിലെ സ്വാശ്രയ കോളജുകളിൽ നിലനിൽക്കുന്ന നരകതുല്യമായ ജീവിതാവസ്ഥയെ തൊട്ടുകാണിക്കുന്ന ഏറ്റവും ലളിതവും അതോടൊപ്പം സത്യസന്ധവുമായ ഒരാവിഷ്‌കാരമായിരുന്നു ഈ കമന്റ്.

ജിഷ്ണുവിന്റെ ആത്മഹത്യ / കൊലപാതകം കേരളവിദ്യാഭ്യാസം കാലങ്ങളായി കൊട്ടിഘോഷിക്കാറുള്ള അതിന്റെ മഹത്ത്വത്തിന്റെ ശവപ്പെട്ടിയിൽ ആഞ്ഞുതറച്ച മൂർച്ചയേറിയ ആണികളിൽ ഒന്നാണ്. കണ്ണിലെണ്ണയൊഴിച്ച് ഇന്നുവരെ നാം കാത്തുപോന്ന നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളിൽനിന്നും അറിയാതെ ഊർന്നുപോയ ഊർജ്ജത്തിന്റെ, അതിന് വന്നുചേർന്ന ആത്യന്തികമായ മൂല്യരാഹിത്യത്തിന്റെ സ്പഷ്ടമായ ഉദാഹരണമായാണ് ജിഷ്ണുവിന്റെ മൃതദേഹം ഒരു കയറിൽ തൂങ്ങിയാടി നിന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ബാഹ്യമായ ഒരു കെട്ടുകാഴ്ചയായി അവസാനിക്കേണ്ട ഒന്നല്ല എന്നും സ്‌കൂളിന് പുറത്തെ ചങ്ങലകൾ അയഞ്ഞാലും അതിന്റെ ഉള്ളടക്കം, അത് നൽകുന്ന മൂല്യബോധം എന്നിവ കണ്ണിവിടാതെ സംരക്ഷിക്കാൻ പൊതുസമൂഹം പ്രതിജ്ഞാബദ്ധരാകണമെന്നും കൂടി ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. കേരളത്തിലെ സ്വാശ്രയ കോളജുകളിൽ കാലങ്ങളായി നടന്നുവരുന്ന അതിഭീകരമായ വിദ്യാർത്ഥി പീഡനത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും അക്കാദമികമായ ശൂന്യതയുടെയും ജാതീയവും മതപരവുമായ വിവേചനത്തിന്റെയും നടുക്കമുളവാക്കുന്ന കഥകൾ ജിഷ്ണുവിന്റെ മരണശേഷം കൂടുതൽ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയിൽ ഈ ഓർമ്മപ്പെടുത്തലിന് വലിയ പ്രാധാന്യമുണ്ട്. സ്വാശ്രയസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഭരണാധികാരികളെയും അവിടെ കുട്ടികളെ ചേർത്തുപഠിക്കുന്ന രക്ഷിതാക്കളെയും മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായി ഇവയെ ചുരുക്കി, പൊതുവിദ്യാഭ്യാസത്തെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുക എന്നിത്യാദി കൈമണികൾ കിലുക്കുന്നതിൽ മാത്രം നമ്മൾ വ്യാപൃതരാവുകയാണോ? എങ്കിൽ അത് രജനി എസ് ആനന്ദ് മുതൽ ജിഷ്ണു പ്രണോയ്‌വരെ നീണ്ടു നിൽക്കുന്ന സ്വാശ്രയ ഇരകളോട് നാം കാട്ടുന്ന അതിഭീകരമായ നീതികേടായിരിക്കും. വിദ്യാഭ്യാസ സാമൂഹിക അവസ്ഥകളിൽ കേരളം കൈവരിച്ച അന്തസ്സിനെ ആകമാനം ചവിട്ടിത്തേക്കുന്ന ജീർണ്ണിച്ച, പ്രാകൃതമായ ഈ സംവിധാനത്തെ സമഗ്രമായി അഴിച്ചുപണിയാതെ പ്രൈമറി സെക്കന്ററി ക്ലാസ്സുകളിൽ പഠനം പാൽപ്പായസമാക്കുന്ന വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ വീണ്ടും വീണ്ടും നാം തേടിപ്പോകുന്നത് ചുരുക്കിപ്പറഞ്ഞാൽ അങ്ങേയറ്റത്തെ ഇരട്ടത്താപ്പാണ്.

സ്വാശ്രയ വഴിയിലൂടെ ഒഴുകിയെത്തിയ ജീർണ്ണതകൾ


Related Articles