ദേശീയവിദ്യാഭ്യാസനയം ഇന്ത്യയിൽ ദ്രുതഗതിയിൽ നടപ്പിലായികൊണ്ടിരിക്കുകയാണ്. മനുഷ്യവിഭവവികസനമന്ത്രാലയമാണ് നയം പുറപ്പെടുവിച്ചത്. തമിഴ്‌നാടുപോലുള്ള ചുരുക്കം സംസ്ഥാനങ്ങളിൽനിന്ന് മാത്രമാണ് നയത്തിനെതിരായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയർന്നുവന്നത്. 2020-ലാണ് ഇത് പുറത്തിറങ്ങിയത്. 2025-ഓടെയും 30-ഓടെയും ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പിൽവരുത്തേണ്ട ആശയാദർശങ്ങളെയും ഗവേഷണരംഗത്ത് കൈവരിക്കേണ്ട മികവുകളെയും നയം വിഭാവന ചെയ്യുന്നു. ഇന്ത്യ വികസിതരാഷ്ട്രമാവുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജ്ഞാനസമൂഹമാക്കാൻ വേണ്ട നടപടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. യന്ത്രവത്കൃതവിവരങ്ങളുടെയും നിർമിതബുദ്ധിയുടെയും തലത്തിലേക്ക് ലോകവിജ്ഞാനരംഗം മാറുമ്പോൾ അതിനനുസരിച്ച മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസരംഗത്തും നടപ്പിലാക്കേണ്ടതുണ്ട്. ശാസ്ത്രമാനവികവിജ്ഞാനമേഖലകളിൽ ആവശ്യമായ മനുഷ്യ വിഭവശേഷിയുടെ നിർമാണവും ഇന്ത്യൻജനത നേരിടുന്ന അടിയന്തിര പ്രതിസന്ധികളുടെ പരിഹാരവും നയത്തിന്റെ പരിധിയിലുണ്ട്. 2030- ഓടെ ഇന്ത്യ യുവജനസംഖ്യയുടെ കാര്യത്തിൽ ഒന്നാമതാവുമെന്നും അവർക്ക് വിദ്യാഭ്യാസം നൽകാനുള്ള ശേഷി ഇന്ത്യയെ ലോകത്തിന് മുന്നിൽ മാതൃകാരാജ്യമാക്കിത്തീർക്കുമെന്നും നയം കരുതുന്നു.
ഇരുപതൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയമാണ് ഇത്. 1986, 1992ലെ നയങ്ങളും 2009ലെ വിദ്യാഭ്യാസ ആക്ടും പുതിയ നയത്തിന്റെ പശ്ചാത്തലമാണ്. ദർശനത്തിലും ഘടനയിലും നടത്തിപ്പിലും പുതിയ നയം മാറ്റത്തെ വിഭാവന ചെയ്യുന്നു. മുൻകാല നയങ്ങൾ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിലും തുല്യതയിലും ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. ഗുണപരമായ ഊന്നലുകളും സമീപനങ്ങളും അവയിൽ കുറവായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന കർമപരിപാടികളാണ് ദേശീയവിദ്യാഭ്യാസനയം ആസൂത്രണം ചെയ്യുന്നത്. വ്യാപനം, തുല്യത, ഗുണം, ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനതൂണുകളായി പുതിയ നയം സങ്കല്പിക്കുന്നു.
നയത്തിന് പിറകിലെ സ്വകാര്യ-കോർപ്പറേറ്റ് താൽപ്പര്യങ്ങളും ഇന്ത്യയെ ബഹുസ്വരവും ജനാധിപത്യപരവുമായി വിഭാവനചെയ്യുന്നതിൽ പറ്റിയ വീഴ്ചകളും ഇതിനകം വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം, അതിന്റെ ഭൗതികാസ്പദമായ സർവകലാശാല, അവിടെ നടക്കേണ്ടുന്ന ഗവേഷണങ്ങൾ ഇവയെ സംബന്ധിച്ച് നയത്തിൽ കാണുന്ന ചില വൈരുധ്യങ്ങളെ വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ദർശനം, ഘടന, നടത്തിപ്പ് എന്നിങ്ങനെ നയത്തിൽ ത്രിതലങ്ങളിലായി കാണുന്ന വൈരുധ്യങ്ങൾക്ക് സർവകലാശാല എന്ന സംവിധാനത്തിന്റെ ചരിത്രത്തോടും വിദ്യാഭ്യാസദർശനങ്ങളോടും പൊതുസമൂഹത്തോടുതന്നെയും ഉള്ള ബന്ധങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. നയത്തിലെ താക്കോൽസങ്കല്പങ്ങളായ ഇന്ത്യൻ പൈതൃകം, സാർവദേശീയത, വിമർശനനിഷ്ഠത, ബഹുവിജ്ഞാനീയത തുടങ്ങിയവയെ വിമർശനപരമായി പരിചരിക്കാൻ ഇവിടെ ശ്രമിക്കുന്നു. നയത്തിന്റെ ഘടനാപരമായ കാഴ്ചപ്പാടും ഉദ്ദേശ്യലക്ഷ്യങ്ങളും പരിശോധിച്ച് അതിന്റെ ഭാവിയെ കുറിച്ച് പര്യാലോചിക്കുന്നു.
