As a distinct mode of communication folklore exists in any society; it is the sole property of neither peasants nor primitives. No doubt folklore could be traditional, but it is not so by definition; it could be anonymous, but it is not essentially so. (Dan Ben Amos)
ഇക്കഴിഞ്ഞ മെയ് മാസത്തിൽ തൃശൂരിൽ നടന്ന ഫോക്‌ലോർ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്തപ്പോഴാണ് ഈ വിഷയം കാലഹരണപ്പെട്ട് തുരുമ്പെടുത്ത അവസ്ഥയിലാണെന്ന ബോധ്യമുണ്ടായത്. അക്കാദമിക മേഖലയിലെ പ്രമുഖർ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ ഏറിയ കൂറും ആവർത്തന വിരസവും പരിമിതമായ പ്രമേയ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്നവയുമായിരുന്നു. പഠനങ്ങളുടെ വിഷയസൂചി പോലും ഗൗരവാവഹമോ ഗവേഷക സമൂഹത്തിനു ഗുണം ചെയ്യുന്നവയോ ആയിരുന്നില്ല. ഫോക്‌ലോറിന്റെ ഉപരിതല സ്പർശിയായ ഗവേഷണത്തിനപ്പുറം അന്വേഷണാത്മക നിരീക്ഷണങ്ങളുടെ ദൗർലഭ്യം ഫോക്‌ലോർ പഠനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. Armchair Folklorists എന്നൊരു വിഭാഗം പോലും ഇന്ന് ഈ മേഖലയിൽ പ്രബലമാണ്.
നവീനമായ ഫോക്‌ലോർ സിദ്ധാന്തങ്ങൾ അക്കാദമിക പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പഴമയോടുള്ള അമിതാഭിമുഖ്യം കേരളത്തിലെ ഫോക്‌ലോർ പഠനങ്ങളെ കാതങ്ങൾ പിന്നിലാക്കുന്നു. പരിണാമിയാണ് ഫോക്‌ലോർ എന്ന പൊതു തത്ത്വത്തെ മുൻനിർത്തി നിരീക്ഷിക്കുമ്പോൾ, കാലാനുസൃതമായ അറിവുകളെ ഉൾക്കൊള്ളുവാൻ അക്കാദമിക മേഖല ചില വൈഷമ്യങ്ങൾ പ്രകടിപ്പിക്കുന്നതായ് കാണാം.
