യുദ്ധപർവ്വം, ഒന്നാം ദിവസം

Column

യുദ്ധപർവ്വം, ഒന്നാം ദിവസം


കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസങ്ങളായിരുന്നു. രക്തം ചിന്തിയ പതിനെട്ടു പകലുകൾ. കണ്ണീരുകൊണ്ട് മണ്ണുകുതിർന്ന പതിനെട്ടുരാത്രികൾ. ദുഃഖം കരിമ്പടം പുതച്ചുകിടന്ന പതിനെട്ടു ദിനരാത്രങ്ങൾ. 2023 മെയ് 31 മുതലുള്ള പതിനെട്ടു ദിവസങ്ങൾ എനിക്കും തീക്ഷ്ണവും വൈകാരികവുമായ യുദ്ധപർവ്വമായിരുന്നു. അനുഭവങ്ങളുടെ തീമഴക്കാലം. ഊഷരഭൂമിയിലേക്കു പെയ്തിറങ്ങിയ മഴനീർത്തുള്ളികൾക്കൊന്നും മനസ്സിനെ കുളിർപ്പിക്കാനായിരുന്നില്ല. അറ്റുപോകാത്ത ഓർമ്മയുടെ തീക്കനലുകൾ കടഞ്ഞെടുത്ത് അക്ഷരങ്ങളാക്കുന്നു. സ്മൃതിഭ്രംശമേൽക്കാതിരിക്കുവാൻ ഈ താളുകളിൽ മഷിചാലിച്ച് കുടഞ്ഞിടുന്നു.

ഏട്ടൻ്റെ അസുഖവുമായി ബന്ധപ്പെട്ടാണ് മെയ് 31 ന് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ അഡ്മിഷന് ചെല്ലുന്നത്. ശോധനക്ക് ബുദ്ധിമുട്ടു തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. പൈൽസാണെന്ന് കരുതി കൊണ്ടുനടന്ന മഹാമുഴ ബ്ലീഡിങ് തുടങ്ങിയപ്പോൾ മുറിച്ചുകളയാൻ തീരുമാനിച്ചു. അതിനുവേണ്ടിയാണ് പി കെ ദാസിലെ സർജൻ ജോഷ്വ സാറിനെ സമീപിച്ചത്. സർ ബയോപ്സി ഉൾപ്പെടെയുള്ള ടെസ്റ്റുകൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഒരാഴ്ച്ചക്കകം ബയോപ്സിയുടെ റിസൾട്ട് വന്നു. കുടൽകോശങ്ങളെ ഞണ്ടുകൾ കരണ്ടു തുടങ്ങിയിരിക്കുന്നു. അവറ്റകളുടെ ആക്രമണം ഒന്നാമത്തെ സ്റ്റേജിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു.

കുഞ്ഞായിരുന്നപ്പോൾ ഞാൻ അവന്റെ മാറിൽ കിടന്നാണ് പലപ്പോഴും ഉറങ്ങിയിരുന്നതെന്ന് അമ്മ പറഞ്ഞറിയാം. കടം കയറി ഉറകുത്തി കഴുക്കോലൊടിഞ്ഞ കൂരക്ക് താങ്ങായി നിന്നവനാണ്. എന്നേക്കാൾ പതിനൊന്നു വയസ്സു കൂടുതലുള്ള അവനെ "അവൻ'' എന്നു വിളിക്കുന്നുവെങ്കിൽ ഞങ്ങളുടെ ആത്മബന്ധത്തിൻ്റെ ആഴം ഊഹിക്കാമല്ലൊ… അമ്മ സകല പ്രിവിലേജുമെടുത്ത് കരഞ്ഞു തുടങ്ങിയിരുന്നു. അച്ഛൻ പൗരുഷത്തിന്റെ മുഖാവരണം കൊണ്ട് കണ്ണീർ മറച്ചു. അമ്മയേക്കാൾ പ്രിവിലേജ് തനിക്കുണ്ടെന്ന് പൂർണ്ണിമ(അവൻ്റെ ഭാര്യ)യും കരുതിക്കാണണം. ഏതു നിമിഷവും പൊട്ടിവീഴാവുന്ന തരത്തിൽ വീടിന്റെ അന്തരീക്ഷം കനക്കുന്നതറിയാതെ മുറ്റത്തിരുന്ന രണ്ടുകുട്ടികൾ ചിരിച്ചു, കളിച്ചു.


Related Articles