സൂര്യോദയത്തില്‍ ശംഖനാദം മുഴങ്ങി. പോര്‍ക്കളം സജ്ജമായി. പതിവുപോലെ പടക്കളത്തില്‍ കാനുലയിലൂടെ മരുന്നും ഫ്‌ളൂയിഡും മാറിമാറിയൊഴുകി. റൗണ്ട്‌സിനു വന്നപ്പോള്‍ ജോഷ്വാ സാര്‍ ആശ്വാസത്തിന്റെ തിരിതെളിച്ചു. പോര്‍ക്കളത്തില്‍ ആദ്യമായി വിജയപ്രതീക്ഷയുടെ സ്പന്ദനം. കഴുത്തിലൂടെ മരുന്ന് ഇറങ്ങുന്ന കുഴലും വയറില്‍ നിന്ന് ഡ്രൈനൊഴുകുന്ന കുഴലും എടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. പറയുക മാത്രമല്ല ഏതാനും ചില സ്റ്റിച്ചുകളൊഴികെ മുഴുവന്‍ എടുക്കുകയും ചെയ്തു.
അന്ന് കുശേട്ടന്‍ വിളിച്ചിരുന്നു. അക്കാലത്ത് തൃക്കടീരിയിലെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയാണ് അദ്ദേഹം. പക്ഷേ, അതിന് അപ്പുറത്തേക്ക് ഒരു സുഹൃത്തിലെപ്പോലെ, സഹോദരനെപ്പോലെ ചേര്‍ത്തുനിര്‍ത്തി. രണ്ടുദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ഉണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ സാമ്പത്തികമായോ ആള്‍സഹായമായോ എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു. പറയുന്നത് ഒരാളാണെങ്കിലും കേള്‍വിക്കാരന് അതൊരു പ്രസ്ഥാനത്തിന്റെ ഉറപ്പുകൂടിയാണ്.
സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. തീര്‍ത്തും അവിചാരിതമായി ഉജ്ജ്വലിന്റെ ഫോണ്‍ വന്നു. മലയാള സര്‍വ്വകലാശാലയില്‍ സീനിയറായിരുന്നു ഉജ്ജ്വല്‍. ചേകവന്‍മാരുടെ നാട്ടുകാരന്‍. മുത്തപ്പന്റെ നാട്ടുകാരന്‍. സാക്ഷാല്‍ എകെജിയുടെ നാട്ടുകാരന്‍. അയാളോട് എനിക്കുള്ള അഗാധമായ ചങ്ങാത്തത്തിന്റെ കാരണം മൂപ്പര്‍ക്ക് സിനിമയില്‍ ആഴത്തിലുള്ള അറിവും എനിക്ക് സിനിമയോടുള്ള അഭിനിവേശവും ആയിരുന്നു. രാത്രികാലങ്ങളില്‍ അവസാനിക്കാത്ത ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ സിനിമകളുടെ എന്‍സൈക്ലോപീഡിയ.
