ഇന്ന് ദിവസം പതിനാലു തികയുന്നു. ഭാരതയുദ്ധകഥയിലെ പ്രധാനദിവസങ്ങളിലൊന്ന്. കൃഷ്ണന്റെ തന്ത്രങ്ങളിലെ കരിപുരണ്ട അദ്ധ്യായം. ജയദ്രഥൻ കൊല്ലപ്പെടുന്നത് ഈ ദിവസമാണ്, ഘടോൽകചനും. ഘടോൽകചന്റെ മരണത്തിലൂടെ ചിലർ മറ്റുള്ളവർക്കുള്ള വിജയമുഹൂർത്തങ്ങളുടെ സ്രഷ്ടാക്കളാവാൻ വേണ്ടി മാത്രം ജനിച്ചവരാണെന്നു പറഞ്ഞ ദിവസം. ജനനം മുതൽ മരണം വരെയും നീതി കിട്ടാത്ത കർണ്ണന് നീതി റദ്ദുചെയ്യപ്പെട്ട ദിവസങ്ങളിൽ പ്രധാനം. അങ്ങനെ ഭാരത യുദ്ധത്തിലെ സുപ്രധാനമായ ദിവസങ്ങളിലൊന്നാണ് പതിനാലാമത്തേത്.
പോർക്കളം ശാന്തമായിത്തുടങ്ങിയിരിക്കുന്നു. മുറിവ് കുറച്ചു ഭാഗം ഉണങ്ങിയിട്ടുണ്ട്. ഡ്രൈൻ വരുന്നത് വറുതിയായ പുഴയിലെ നേർത്ത നീർച്ചാലുപോലെ മാത്രമായിരിക്കുന്നു.
പതിവുപോലെ രാവിലെ ഡോക്ടർമാർ വന്നുപോയി. അസാധാരണമായ ഒന്നും അവർ പറഞ്ഞില്ല. പകരം അന്നുമുതൽ മുറിവിൽ തറച്ച സ്റ്റാപ്ലർ പിന്നുകൾ ഓരോന്നായി ഊരിയെടുക്കുവാൻ ജൂനിയേഴ്സിന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.
