യുദ്ധപർവ്വം, എട്ടാംദിവസം

Column

യുദ്ധപർവ്വം, എട്ടാംദിവസം


തലേന്നത്തെ ഉറക്കച്ചടവിലാണ് ഞാൻ എണീറ്റത്. അവൻ നല്ല ഉറക്കത്തിലും. എണീറ്റതും ഞാൻ നോക്കിയത് ഡ്രൈനിന്‍റെ ബാഗിലേക്കാണ്. മുന്തിരിച്ചാറുപോലെ കറുത്തിരുണ്ട അശുദ്ധരക്തം അളവിൽ തെല്ലുകുറവു വന്നിരിക്കുന്നു. കുറഞ്ഞുകുറഞ്ഞ് ബാഗിലേക്ക് ഒരുതുള്ളിപോലും വരാതിരിക്കുന്ന നിമിഷത്തിനാണ് ഞാൻ കാത്തിരിക്കുന്നത്. അപ്പോഴേ ആ ട്യൂബ് റിമൂവ് ചെയ്യുകയുള്ളൂ.

ഞാൻ കാന്റീനിൽ നിന്ന് രാവിലത്തെ ഭക്ഷണം കഴിക്കുകയും മുറിയിലേക്ക് അവനും പൂർണ്ണിമയ്ക്കുമുള്ളത് കൊണ്ടുവരികയും ചെയ്തു. അപ്പോഴേക്കും മരുന്നിന്റെ കുറിപ്പ് നേഴ്സ് പൂർണ്ണിമയുടെ കൈയിൽ കൊടുത്തിരുന്നു. അതും വാങ്ങി ഞാൻ കാസ്പിലേക്ക് നടന്നു. ലിസ്റ്റിൽ ഡയപ്പറും വൈപ്സും ​ഗ്ലൗസുമടക്കം നോൺമെഡിസിൻസിന്‍റെ പേരുകളായിരുന്നു കൂടുതൽ. അതൊന്നും കാസ്പിൽ ഉൾപ്പെടുന്നതായിരുന്നുമില്ല.

എല്ലാ സമയത്തുമെന്നപോലെ അപ്പോഴും ചെലവുകളുടെ ദുർമുഖത്തുനിന്ന് പിടിച്ചുകയറാൻ ആശ്വാസത്തിന്റെ കച്ചിത്തുരുമ്പുണ്ടായിരുന്നു, ജയകൃഷ്ണൻ. കെ ടി എന്നിന്റെ ആരംഭകാലം മുതൽ അവിടെ ജോലിചെയ്യുന്ന ഉണ്ണിയേട്ടന്റെ മകനാണ് ജയേട്ടൻ. മൂപ്പർക്ക് സ്വന്തമായി ജനറിക് ഐറ്റംസിന്റെ ഹോൾസെയിലുണ്ട്.


Related Articles