ശംഖനാദം മുഴങ്ങി. ശത്രുപക്ഷം അവശതയിലെത്തിയിരുന്നു. വിജയം സുനിശ്ചിതം. സാർ റൗണ്ട്സിന് വന്നപ്പോൾ ഡിസ്ചാർജ് ഉണ്ടാവുമെന്ന് അറിയിച്ചു. കുറച്ചു കഴിഞ്ഞ് ഓ.പിയിലേക്ക് ചെല്ലണം എന്ന് പറഞ്ഞു. അവന്റെ മുഖത്ത് അപ്പോൾ അനിയന്ത്രിതമായ ആനന്ദമുണ്ടായിരുന്നു. കാത്തിരിക്കുന്ന അച്ഛനും അമ്മയും. അച്ഛനോടൊപ്പം കളിക്കാൻ വെമ്പിനിൽക്കുന്ന പറക്കമുറ്റാത്ത രണ്ടുകുട്ടികൾ. അവരുടെ നിഷ്കളങ്കമായ ചിരി. അവരെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ചിരി ഞരമ്പുകൾ അറ്റുപോയി. അച്ഛനെ കാണാൻ, അച്ഛനോടൊപ്പം കളിക്കാൻ തയ്യാറെടുത്തുനിൽക്കുന്ന അവർക്കുമുന്നിലേക്ക് വയറിൽ തുന്നിക്കെട്ടിയ ഭീമാകാരൻ മുറിവുമായി അവൻ ചെന്നിറങ്ങുമ്പോൾ അവരുടെ നെഞ്ചുപൊട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഡിസ്ചാർജിന്റെ കാര്യം വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ കുമാരേട്ടന്റെ വണ്ടി വിളിച്ച് വരാം എന്ന് പറഞ്ഞു. കൊണ്ടുവന്ന് ആക്കിയ ആൾ തന്നെ തിരിച്ചു കൊണ്ടുപോകണമല്ലോ!
ഞാനും അവനും താഴെ ഓ.പിയിലേക്ക് ചെന്നു. രണ്ടാഴ്ച്ച കഴിഞ്ഞുള്ള റിവ്യുവിനെക്കുറിച്ചും മറ്റും പറയാനായിരുന്നു സാർ വിളിപ്പിച്ചത്. കഴിവതും വേഗത്തിൽ ബിൽ അടച്ച് ഡിസ്ചാർജിനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് സാർ പറഞ്ഞെങ്കിലും പതിവുപോലെ മന്ദഗതിയിലായിരുന്നു അതെല്ലാം നടന്നത്. ബില്ലടച്ചുതീർന്നപ്പോൾ അച്ഛനെ വിളിച്ചു. അധികം താമസിക്കാതെ അച്ഛൻ വന്നു, കുമാരേട്ടന്റെ വണ്ടിയും.
