രാവിലെ പതിവിലും നേരത്തേ എണീറ്റു. നിരാശയ്ക്കുമാത്രമല്ല പ്രതീക്ഷയ്ക്കും നമ്മുടെ ഉറക്കംകെടുത്താനുള്ള ശേഷിയുണ്ട്. അടുത്തദിവസം ആശുപത്രിവിടാമെന്ന പ്രതീക്ഷ. വീട്ടിലെ സമാധാനാന്തരീക്ഷത്തിൽ സുഖമായുറങ്ങാമെന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കോലാഹലമാണ് പുലരി വന്നു വിളിക്കുന്നതിനുമുമ്പ് കവിളിൽത്തലോടി ഉറക്കത്തിന്റെ ഞരമ്പിൽ കത്തിവയ്ക്കുന്നത്. എങ്കിലും ആ പകലിൽ ഉറക്കമില്ലാതാകുന്നതിനും ഒരു സുഖമുണ്ടായിരുന്നു. അത്രയും ദിവസത്തെ ശോകാന്തരീക്ഷത്തിന് അറുതിവരുന്നതിന്റെ സുഖം. ശത്രുസൈന്യം അമ്പേ പരാജയം മണത്തിരിക്കുന്നു. പോർമുഖത്ത് അവരുടെ വീറ് കുറഞ്ഞിരിക്കുന്നു. ചോരയും കണ്ണീരും വറ്റിത്തുടങ്ങുന്നു.
പത്തുപത്തരയായിക്കാണും ജോഷ്വാ സാർ തന്റെ വൈദ്യസംഘവുമായി മുറിയിലേക്കു വന്നു. എന്നോടും പൂർണ്ണിമയോടും പുറത്തുനിൽക്കാൻ ആവശ്യപ്പെട്ടു. ആ ആശുപത്രിമുറിക്കു മുന്നിൽ ജീവിതത്തിന്റെ പതിനാറുദിനങ്ങളുടെ കൂട്ടിക്കുറയ്ക്കലുകൾ നടത്തുകയായിരുന്നു ഞാൻ. കടുംമഞ്ഞൾക്കളം വരച്ചാടിയ പല ദിനരാത്രങ്ങൾ. കണ്ണീരും ചോരയും കലർന്ന പോർക്കളത്തിൽ ഇടയ്ക്കുമാത്രം ആശ്വാസത്തിന്റെ പ്രതീകമായ ചില മനുഷ്യർ. പച്ചയും പ്രാണനും കത്തിയ കരിമ്പുകച്ചുരുളിന്റെ ദുർഗന്ധിത ഓർമ്മകൾ.
കുറേ നേരമായിട്ടും സാറും സംഘവും പുറത്തുവരുന്നില്ല. ചിന്തകൾ ഓർമ്മകളെ ഉപേക്ഷിച്ച് കാടുകേറിത്തുടങ്ങി. അവയെല്ലാം അവസാനിക്കുന്നത് അശുഭങ്ങളിലായിരുന്നു. മുന്‍പുള്ള അനുഭവം അങ്ങനെയായിരുന്നല്ലോ? എല്ലാം ശരിയായെന്ന് ഉള്ളാലേ ഉറപ്പിച്ച നിമിഷത്തിൽ ഒരു ഇൻഫക്‌ഷൻ വന്ന് പ്രതീക്ഷകളെല്ലാം തച്ചുടച്ചു. അന്നും കുറേ നേരത്തെ പരിശോധന ഉണ്ടായിരുന്നു. ഇന്നും കുറേ നേരമായി സാർ അകത്തേക്കു പോയിട്ട്.
