ജീവിതത്തില്‍ പലവേഷങ്ങള്‍ കെട്ടിയിരുന്നു. അതൊക്കെ വിസ്തരിച്ചാല്‍ വായിക്കുന്നവർക്ക് മടുപ്പാവും. എന്നാലും അതൊന്നും മറവിയുടെ പുകമറയിലേക്ക് മാറ്റിയിട്ടുമില്ല. കാരണം ജീവിതത്തിലെ ഓരോ നേട്ടങ്ങളിലേക്ക് നോക്കുമ്പോഴും അതെല്ലാം പിന്നിലാക്കിയതിന്റെ ഒരു ചാരിതാര്‍ഥ്യമാണ്. ഓടിത്തോല്‍പ്പിച്ച എതിരാളിയെ നോക്കി സ്വസ്ഥമായി പുഞ്ചിരിക്കുന്ന ഓട്ടക്കാരന്റേതായ മാനസികാവസ്ഥ. 2019-ലാണ് കൊച്ചിയില്‍ രണ്ടാമതൊരു ജോലിക്കായി പോവുന്നത്. ആദ്യവട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവീടാന്തരം കയറിയിറങ്ങി ചൂടാറാപാത്രങ്ങളും ഉപ്പൂറ്റിവേദനയ്ക്കുളള ചെരിപ്പുമൊക്കെ വില്‍പ്പന നടത്തുന്ന പണിയായിരുന്നു. കൂള്‍ബാറിലെ ജോലി, ഡ്രെെവര്‍, റിസോര്‍ട്ടിലെ ജോലി, നിരോധിതലോട്ടറിക്കച്ചവടം തുടങ്ങി പലതും ചെയ്ത് അതിനിടയില്‍ ജീവിതപരീക്ഷണം നടത്തിയിരുന്നു. ഒടുക്കമാണ് പണ്ട് യേശുദാസിന്റെ അച്ഛന് ഭാഗവതര്‍ താമസിച്ചിരുന്ന വീട്ടിലെത്തുന്നത്. ചെറുപ്പകാലത്ത് മഹാഗായകന്റെ ശബ്ദം ആദ്യം കേട്ട അതേ ചുവരുകള്‍. അത് തൊട്ടപ്പോള്‍ തന്നെ മനസ് നിറഞ്ഞു. പോകപ്പോകെ അതൊരു ഈണമില്ലാപാട്ടായെന്നു മാത്രം.
ഞാനെത്തുമ്പോള്‍ അതൊരു ഓയോ റൂം ആയിരുന്നു. (ഇപ്പോഴതൊരു കഫേയാണ്). ഫോര്‍ട്ടുകൊച്ചിയിലെ ഒരു പരിചയക്കാരന് വഴിയാണ് ആ ജോലി കിട്ടിയത്. ബാഗും മറ്റുമെടുത്ത് വീട്ടില്‍ നിന്നും പ്രതീക്ഷയുടെ പുതുതുരുത്തിലേക്ക് തീവണ്ടി കയറി. നല്ല ചൂടുള്ളൊരു ഏപ്രില്‍ മാസമായിരുന്നത്. സാങ്കേതികമായി ഓയോ റൂമിന്റെ റിസപ്ഷനിസ്റ്റായിട്ടായിരുന്നു നിയമനം. നടത്തിപ്പുകാരന് നല്ലവനായിരുന്നു. ആദ്യദിവസം തന്നെ അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞുതന്നു. വല്ല സംശയവും ഉണ്ടേല്‍ ചോദിക്കാന്‍ അവിടെ താത്കാലികമായി അതേ ജോലി ചെയ്യുന്ന ഒരാളുണ്ടായിരുന്നു.
റഫീഖ്(ശരിയായ പേരല്ല). ഇരുനിറമുള്ള, ഫങ്കി സ്റ്റൈലിൽ നടക്കുന്നൊരുവൻ. ഒരു കിംഗ്സ് ലെെറ്റിന്റെ ആദ്യപഫ് പങ്കുവെച്ചതിലൂടെ പരിസരവാസിയായ റഫിയുമായി പെട്ടെന്ന് കൂട്ടായി. ഇനിയവിടെയുണ്ടായിരുന്നത് രണ്ട് നോര്ത്തീസ്റ്റുകാരായിരുന്നു. ഇരുപത്തഞ്ച് വയസിൽ താഴെയാവും അവരുടെ പ്രായമെന്നാണ് എന്റെ ഊഹം. എന്നാൽ അവര്‍ പറയുന്നത് എനിക്കോ ഞാന്‍ പറയുന്നത് അവര്‍ക്കോ കാര്യമായി മനസിലാവുന്നുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ക്കിടയിലെ ജീവല്‍പ്രതിസന്ധി സമാനമായിരുന്നു. ഞങ്ങൾ മൂന്നുപേരും കുടുംബത്തിനുവേണ്ടിയാണ് നാടുവിട്ടുനിൽക്കുന്നത്. ചെറിയ കണ്ണുകളുള്ള രണ്ടുപേരും എപ്പോഴും അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ടേയിരിക്കും. കെട്ടിടത്തിന്റെ മുകളിൽ കൂടുകൂട്ടിയ പ്രാവുകളെ പോലെയായിരുന്നത്.
