അന്നൊരിക്കൽ വീടിൻ്റെ മുകളിലെ ഒരൊഴിഞ്ഞ മുറിയിൽ ചുവരിനോട് ചേർന്നുള്ള ഒരലമാരയ്ക്ക് മുമ്പിൽ ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അതൊരു തുടക്കം കുറിക്കലിൻ്റെ ദിവസമായിരുന്നു. എന്നായിരുന്നു അത്? അറിയില്ല, കണക്കു പഠിച്ചു തുടങ്ങിയ കാലം. വർഷവും തീയതിയുമൊന്നും എൻ്റെ കുഞ്ഞു ബുദ്ധിയിൽ കേറിത്തുടങ്ങാത്ത ഒരു കാലം. ആ അലമാരക്കകത്ത് കുറച്ചു പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഞാൻ കണ്ണെടുക്കാതെ അവയെ തന്നെ നോക്കിനിൽക്കും. ഞാനാദ്യമായി പുസ്തകങ്ങൾ കാണുകയാണ്. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചിരുന്നു. കഥകൾ കൊതിപ്പിച്ചു തുടങ്ങിയിരുന്നു. പ്രായം ഓർമ്മയില്ല. വള്ളിനിക്കറിട്ട ഏതോ ഒരു കാലത്ത്. പിന്നീട് ഇടയ്ക്കൊക്കെ ഞാനവിടെ പോയി നിൽക്കും. ആ അലമാരയിൽ അങ്ങനെ നോക്കിനിൽക്കുന്നതിൽ എന്തോ ഒരു സുഖം ഞാൻ കണ്ടെത്തിത്തുടങ്ങി. ഒരു ദിവസം ഒച്ചയനക്കമുണ്ടാക്കാതെ ഞാനത് തുറന്നു. എൻ്റെ കണ്ണുകൾ ചെന്നുപെട്ടത് വെളുത്ത് തടിച്ച ഒരു പുസ്തകത്തിലായിരുന്നു. പേരോർമ്മയുണ്ട്. "ഒരു സന്തുഷ്ട കുടുംബം." ഞാനത് പുറത്തെടുത്ത് മുറിയുടെ മറ്റേ മൂലയിലെ പത്തായത്തിൻ്റെ മുകളിലേക്ക് ചാടിക്കേറി. അതിൻ്റെ പേജുകളിലൂടെ തപ്പിയും തടഞ്ഞും അക്ഷരങ്ങൾ കൂട്ടി വായിച്ചു. അങ്ങനെ ആ പത്തായത്തിൻ്റെ മുകളിൽ നിന്ന് മറ്റേതെല്ലാമോ ലോകത്തിലേക്ക് മെല്ലെ മെല്ലെ സഞ്ചരിച്ചു തുടങ്ങി. അതൊരു അവസാനിക്കാത്ത യാത്രയാണെന്ന് അന്ന് കരുതിയില്ല. കഥകളിലൂടെയുള്ള ലോകസഞ്ചാരത്തിൻ്റെ തുടക്കം. അപരിചിതമായ ലോകത്തെ പരിചിതമാക്കുന്ന കലയുമായുള്ള ആദ്യ സമ്പർക്കം. അതിനുശേഷം ഞാനെത്ര പുസ്തകങ്ങൾ വായിച്ചു കാണും?
നല്ല വായനക്കാർ പൊതുവിൽ വായനയുടെ കണക്കുകളെപ്പറ്റി ചിന്തിക്കാറുണ്ടെന്ന് തോന്നുന്നില്ല. എത്ര വായിച്ചു എന്നതല്ല; എത്രയേറെ വായിക്കാൻ കിടക്കുന്നു എന്ന ചിന്ത മാത്രമാണ് അവരെ അലട്ടുക. ഹെൻറി ഇല്യറ്റ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Penguin Classics - In Search of the best books ever written എന്നൊരു പുസ്തകത്തിലാണ് വായനയുമായി ബന്ധപ്പെട്ട ഒരു കണക്ക് കാണാനിടയായത്. 4000 വർഷത്തെ സാഹിത്യചരിത്രത്തിൽ (ഇരുപതാം നൂറ്റാണ്ട് ഒഴിച്ച്) നിന്നും തെരഞ്ഞെടുത്ത 1200 ക്ലാസിക് കൃതികളെ പരിചയപ്പെടുത്തുന്ന ഒരു ഗ്രന്ഥമാണിത്. എല്ലാം പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്. അഞ്ചു ലക്ഷം പേജുകളാണ് ഈ 1200 പുസ്തകങ്ങളിലായി ഉള്ളതെന്ന് അദ്ദേഹം പറയുന്നു. ഒരു ദിവസം 50 പേജുകൾ എന്ന കണക്കിൽ, വർഷത്തിലെ എല്ലാ ദിവസവും ഒരാൾ വായിച്ചാൽ 27 വർഷം വേണ്ടിവരും ഈ 1200 ക്ലാസിക്കുകൾ തീർക്കാൻ. സമാനമായ മറ്റൊരു പുസ്തകം കൂടി അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Penguin Modern Classics Book എന്ന പേരിൽ. ഇരുപതാം നൂറ്റാണ്ടിൽ പുറത്തുവന്ന 1800 ആധുനിക ക്ലാസിക്കുകളെയാണ് ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. ആദ്യത്തെ കണക്കുപ്രകാരം ഈ 1800 പുസ്തകങ്ങൾ വായിക്കാൻ ഏകദേശം 33 വർഷം വേണ്ടിവരും. അപ്പോൾ 3000 ക്ലാസിക്കുകൾ മാത്രം വായിച്ചു തീർക്കാൻ 60 വർഷം വേണ്ടി വരും! ഇതാണ് കണക്കെങ്കിൽ 50 പേജ് എന്നത് 100 ആക്കിയാൽ പോലും ഒരായുസ്സിൽ 6000 പുസ്തകങ്ങൾ മാത്രമേ സാധാരണ നിലയിൽ ഒരു ശരാശരി വായനക്കാരന് വായിക്കാൻ സാധിക്കൂ.
