കുറച്ചുനാളുകളായി മിക്ക ദിവസങ്ങളും പൂക്കളുടേയും ആകാശത്തിന്റേയും വഴികളുടേയും വിവിധ തരത്തിലുള്ള ചിത്രങ്ങൾ വാട്സ്ആപ്പിൽ ബ്രാേഡ്കാസ്റ്റ് അയയ്ക്കുന്ന ഒരു സുഹൃത്തുണ്ട്. അദ്ദേഹം കാണുന്ന വ്യത്യസ്തമാർന്ന കാഴ്ചകളുടെ പകർപ്പെടുപ്പാണ് ആ ചിത്രങ്ങളത്രയുമെന്നാണ് എന്റെയൊരു തോന്നൽ.
അതിലൊന്ന് ഒരു ഇടവഴിയുടെ ചിത്രമായിരുന്നു. അപ്പോഴാണ് ഒരു കാര്യം ഓർത്തത്. അതായത്, ഓർമ്മവെച്ച നാൾ മുതൽ ഇതെഴുതുന്നതുവരെ ഞാൻ താമസിക്കുന്ന വീട്ടിലേക്കുള്ള വഴികൾ, അതെല്ലാം ഇടവഴികളാണെന്ന്. മൂന്നോ നാലോ അടി വീതി മാത്രമുള്ള വഴി. പ്രധാന വഴിയിൽ നിന്നും ഉള്ളിലേക്കു കയറുന്ന അതിന്റെയെല്ലാം രണ്ട് ഭാഗത്തും മതിലുകളാണ്.
ആദ്യം താമസിച്ച വീട്ടിലേക്കുള്ള വഴിയുടെ ഒരു ഭാഗത്തുള്ള മതിലിന്റെ മുകളിൽ നിറയെ കുപ്പിച്ചില്ല് വെച്ചുപിടിപ്പിച്ചതായിരുന്നു. മതില് കെട്ടുന്ന സമയത്ത്, മറ്റാരുമത് ചാടിക്കടക്കാതിരിക്കാനായി മൂർച്ചയേറിയ കുപ്പിച്ചില്ലിന്റെ മുനകൾ ആകാശം നോക്കി നിൽക്കുന്നൊരു മതിൽ. ഇടയെ, ഇടയാക്കി മാറ്റുന്നതിന്റെ മറ്റേഭാഗത്തുള്ളത് കുറേക്കൂടെ ഉയരമുള്ള, എന്നാൽ തേച്ചുമിനുക്കാത്ത വെട്ടുകല്ലിന്റെ മതിലായിരുന്നു. നിറയെ പൂപ്പലുള്ളൊരു കെട്ട്.
