എഴുതുന്നതിനെക്കുറിച്ച് വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാത്തൊരു കാലം ഞാനൊരു പ്രവാസിയായി. ബഹ്റൈനിലെ ആലിയെന്ന സ്ഥലത്ത്, പുതുതായി തുടങ്ങിയ ലുലു മാളിലെ ഹാമിൽ അൽ മിസ്ക് എന്നു പേരുള്ള ഒരു പെർഫ്യൂം ഷോപ്പിലേക്കായിരുന്നു വിസ. കുടുംബ സുഹൃത്ത് വഴിയാണത് ശരിയായത്.
ഒരു മഴക്കാലത്താണ് നാട്ടിൽ നിന്നും വിമാനം കയറിയത്. എനിക്കൊപ്പം സമീപ്രദേശത്തുള്ള മറ്റൊരാൾ കൂടെയുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചായിരുന്നതുകൊണ്ട് വിമാനത്താവളത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായില്ല. ഇവിടത്തെ മഴയുടെ തണുപ്പിൽ നിന്നു ബഹ്റൈനിലേക്ക് എത്തുമ്പോൾ ഈന്തപ്പഴം പഴുക്കുന്ന ഉഷ്ണമായിരുന്നു അവിടെ. അവിടെയെത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മെഡിക്കലും മറ്റും കഴിഞ്ഞു. കുടുംബസുഹൃത്തിനൊപ്പമായിരുന്നു താമസം. താമസസ്ഥലത്തുനിന്ന് പതിനഞ്ചു മിനിറ്റ് നടന്നാൽ മാളിലെത്താമായിരുന്നു. ആദ്യത്തെ ദിവസം, സ്കൂളിലേക്ക് കൊണ്ടുവിടുന്ന കുഞ്ഞിനെപ്പോലെ കുടുംബസുഹൃത്ത് എന്നെ കടയിൽ ചേർത്തു.
മാളിലെ താഴത്തെ നിലയിലായിരുന്നു ഹാമിൽ അൽ മിസ്ക്. പ്രവേശനകവാടം കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നത് ഇരുവശത്തുമായി ഒന്നിനൊന്ന് അഭിമുഖമായി നിൽക്കുന്ന പലതരം ബ്രാൻ്റുകളുടെ പെർഫ്യൂം കടകളാണ്. എല്ലാ കടകളിൽ നിന്നും കൂടിക്കലർന്ന് വരുന്ന സുഗന്ധവും. ഓർമകളിലെ ഗൾഫ് മണം, അങ്ങനെ നിരന്നു നിൽക്കുന്നതിന്റെ ഒരറ്റത്തായിരുന്നു എന്റെ ജോലിസ്ഥലം.
