പ്രവാസകാലം കഴിഞ്ഞ് നാട്ടിലെത്തിയതിനു ശേഷം കൂട്ടുകാരുമായി ചേർന്ന് ഒരു കട തുടങ്ങി. ഫാൻസി ആഭരണങ്ങളും ചെരിപ്പുകളും ബാഗും മറ്റും വിൽക്കുന്ന സ്ഥാപനം. പ്രോമിസ് എന്നായിരുന്നു അതിന്റെ പേര്. ആ മേഖലയിൽ മുൻപ് ജോലി ചെയ്തതിന്റെ പരിചയമായിരുന്നു അങ്ങനെ ഒന്നു തുടങ്ങാനുള്ള ധൈര്യം. ടൗണിൽ നിന്നും അൽപം മാറി, മെയിൻ റോഡിനോട് ചേർന്നായിരുന്നു കട. അതുകൊണ്ട് തന്നെ പരിചയക്കാരെങ്ങാൻ ആ വഴി പോവുമ്പോൾ കടയിൽ കയറും. അവരോട് സംസാരിച്ച്, ഒരു ചായയും ഒപ്പം സിഗരറ്റ് പുകച്ചും നിൽക്കും. അതിലൊരാളായിരുന്നു കണ്ണൂരുകാരനായ ജദീർ.
എന്റെ സുഹൃത്തും കടയുടെ പാര്‍ട്ണറുമായിരുന്ന ആളുടെ കൂടെ ബാംഗ്ലൂരിൽ പഠിച്ചവനായിരുന്നു ജദീർ. ആ സൗഹൃദം പതിയെ ഞങ്ങളിലേക്കും വളർന്നു. പിന്നീട് എല്ലാവരും പലവഴി തിരിഞ്ഞെങ്കിലും ജദീറുമായുള്ള സൗഹൃദത്തിന് കോട്ടമൊന്നും സംഭവിച്ചിരുന്നില്ല. കണ്ണൂരിൽ സ്വന്തമായി ബിസിനസ് ചെയ്തിരുന്ന ജദീർ നല്ലൊരു യാത്രികനുമായിരുന്നു. പലസമയങ്ങളിലായി ഇന്ത്യയിലും വിദേശത്തുമെല്ലാം യാത്ര ചെയ്തൊരുവൻ. അതിന്റെയെല്ലാ കുരുത്തക്കേടുകളും ദുശ്ശീലങ്ങളും അവനുണ്ടായിരുന്നു. മാത്രമല്ല, അക്കാലത്ത് ഞങ്ങൾക്കിടയിലൊരു ഹീറോ ഇമേജുമായിരുന്നു അവന്. നല്ല ഉയരവും അതിനൊത്ത ശരീരവും കാരണം ഏത് ആൾക്കൂട്ടത്തിലും ജദീറിനെ ആരും ശ്രദ്ധിക്കും. അതിലുപരി ആളുകളുമായി ഇടപെടാൻ അവന് വല്ലാത്തൊരു മിടുക്കുമുണ്ടായിരുന്നു. കോഴിക്കോടേക്കുള്ള ജദീറിന്റെ യാത്രകളുടെ ഒരിടത്താവളമായിരുന്നു പ്രോമിസ്.
അങ്ങനെ ഒരു ഏപ്രിൽ മാസത്തെ ഏതോ ദിവസം രാവിലെ ജദീർ കാറുമായി കടയുടെ മുന്നിൽ വന്നു. പതിവുപോലെ ഞാൻ ഇറങ്ങിച്ചെന്ന് കാറിലേക്ക് കയറി. പുറത്ത് നല്ല ചൂടായതു കാരണം കാറിന്റെ ഏസിയുടെ തണുപ്പിലിരുന്നു. ഗോസിപ്പും മറ്റും പറഞ്ഞുകൊണ്ടിരിക്കെ, ഞാൻ കാറിന്റെ ഡാഷ് ബോർഡ് തുറന്നു. അതിനുള്ളിലെ വിക്സിന്റെ അളുക്ക് പോലെയുള്ള ഒരു പാത്രം കണ്ടപ്പോൾ കൈയിലെടുത്തു. ഇതെന്താണെന്നു ചോദിച്ചപ്പോഴാണ് അതിനുള്ളിൽ ഒപ്പിയമാണെന്നു മനസിലായത്. പിന്നെ അവന്റെ കഴിഞ്ഞ യാത്രയെക്കുറിച്ചും ഒപ്പിയത്തിന്റെ ലഹരിയുടെ ‘പോരിശ’യെക്കുറിച്ചുമായി സംസാരം.
