അതൊരു വെള്ളിയാഴ്ച പുലർച്ചെയെന്നാണ് ഓർമ. തമിഴ്നാട്ടുകാരനായ ഇഡ്ഢലിവിതരണക്കാരൻ ഫോണിലേക്ക് തുടർച്ചയായി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. തലേരാത്രി വൈകിയെത്തിയ നോർത്തിന്ത്യക്കാരായ ഒരു ഫാമിലിക്ക് മുറി കൊടുത്തതിനു ശേഷമാണ് കിടക്കാൻ ചെന്നത്.
എന്തോ അന്ന് സാധാരണത്തിലേയും അധികം ഉഷ്ണമുണ്ടായിരുന്നു. അതുകാരണമാവും പുലർച്ചെ എപ്പോഴോ ഒന്നു മയങ്ങിയത്. ഇയാളിത് എന്തിനാണ് വിളിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്തുകൊണ്ട് പെട്ടന്ന് എഴുന്നേറ്റ് ഉടുപ്പുമാറി, റിസപ്ഷനിലേക്ക് ചെല്ലുന്നതിനു മുൻപ് കുളിമുറിയിൽ കയറി മുഖം കഴുകി മയക്കത്തിന്റെ നിഴലിനെ മായ്ച്ചു.
എന്നാലും കണ്ണിലാ മയക്കമുറ്റി നിന്നിരിക്കുമെന്നുറപ്പാണ്…
“എത്ര നേരമായി വിളിക്കുന്നു, ഇവിടെ മാത്രമല്ല മറ്റ് പലയിടത്തും കൊടുക്കാനുള്ളതാണ്”
