ഞാൻ ചിലപ്പോഴൊക്കെ എൻ്റെ പുസ്തകമുറിയിലെ ഷെൽഫുകളിലേക്ക് നോക്കിയിരിക്കാറുണ്ട്. അവിടെ കൂട്ടം ചേർന്നിരിക്കുന്ന പുസ്തകങ്ങളുടെ കവറുകളിലേക്ക് വെറുതേയിങ്ങനെ നോക്കിയിരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. അതിനായി കവറുകൾ കാണത്തക്കവിധം ചില പ്രിയപ്പെട്ട പുസ്തകങ്ങൾ നിരത്തിവെച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് കവറുകളെ നമ്മളിങ്ങനെ ഇഷ്ടപ്പെടുന്നത്? കവറുകളും പുസ്തകങ്ങളും തമ്മിലുള്ള ബന്ധമെന്ത്? കവറുകൾ നിർവ്വഹിക്കുന്ന ദൗത്യമെന്ത്?
എപ്പോഴായിരിക്കും പുസ്തകങ്ങൾക്ക് കവറുകൾ ലഭിച്ചു തുടങ്ങിയത്? ഒരേ പുസ്തകം വ്യത്യസ്ത കവറുകളിൽ ഇറങ്ങുമ്പോൾ അവയെല്ലാം വാങ്ങി സൂക്ഷിക്കുവാൻ ചില വായനക്കാരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? കവറുകളെ നോക്കിയിരിക്കുമ്പോൾ മനസ്സിൽ വരുന്ന ചോദ്യങ്ങൾ ഇങ്ങനെ പലതാണ്.
ഇത് പുസ്തകങ്ങളെ സ്നേഹിക്കുന്ന പലരിലും പൊതുവിൽ ഉണ്ടായേക്കാവുന്ന സന്ദേഹങ്ങളാണ്. പല വലിയ എഴുത്തുകാരും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിച്ചിട്ടുമുണ്ട്. എഴുത്തും പുസ്തകങ്ങളും തമ്മിലുണ്ടാവേണ്ട ബന്ധം എഴുത്തുകാരെ അലട്ടാറുണ്ടല്ലോ. അവിടെ കവറിന് അഥവാ, പുസ്തകത്തിൻ്റെ പുറംചട്ടയ്ക്ക് വലിയ ഇടപെടൽ തന്നെ നടത്തുവാൻ സാധിക്കും. കവർ വെറുമൊരു കവറല്ല എന്നർത്ഥം.
