ദിവസങ്ങൾക്കുശേഷം ശാന്തമായൊരു പകൽ പിറക്കുന്നു. നന്നായി ഉറങ്ങി ഉണർന്ന പകൽ. പുറത്ത് തിമിർത്തു പെയ്യുന്ന മഴ. ഇരുട്ടുമൂടിക്കിടക്കുന്ന അന്തരീക്ഷം. അപ്പോഴും മനസ്സിനൊരു തെളിച്ചം, ഉന്മേഷം.
അന്നത്തെ വിളികൾക്കെല്ലാം മറുപടി പറയുമ്പോൾ വാക്കുകളിൽ ഞാൻപോലുമറിയാതെ ഉരുണ്ടുകൂടിയ സന്തോഷത്തിന്റെ കണികകളുണ്ടായിരുന്നു. കുറേ ദിവസങ്ങൾക്കുശേഷം അമ്മയോട് അവൻ സംസാരിക്കുന്നു. അതിനുശേഷമുള്ള വിളികളിൽ അമ്മയുടെ ചിരിയുടെ ഉള്ളൊഴുക്ക് ഞാനറിഞ്ഞു. നാളുകൾക്കുശേഷം മക്കളോടു സംസാരിക്കുന്ന ഒരച്ഛന്റെ ആനന്ദം അവനിൽ പ്രകടമായി.
കഴുത്തിൽ ഫ്ലൂയിഡിനും ഇഞ്ചക്ഷനുമായി തറച്ചുവച്ച ഒരു ട്രാൻസ്പരന്റ് ട്യൂബ്. സെൻട്രൽ ലൈനെന്നോ മറ്റോ അതിനെ അവർ പേരിട്ടുവിളിച്ചു. അതിലൂടെ ഐവിയും മരുന്നുമൊഴുകി. വയറിനോടു ചേർന്ന് താഴേക്ക് തൂക്കിയിട്ട ഒരു കുഴലുണ്ടായിരുന്നു. അതിലൂടെ ഉള്ളിൽ കെട്ടികിടന്ന കെട്ടരക്തം പുറന്തള്ളിക്കൊണ്ടിരുന്നു. അത് കുഴലിന്റെ അഗ്രഭാഗത്തായുള്ള ഒരു ബാഗിലേക്കാണ് വന്നുചാടിയത്. മുന്തിരിച്ചാറു പിഴിഞ്ഞെടുത്തതുപോലെ നിറമുള്ള ദുഷിച്ചരക്തം. ബാഗിൽ രാവിലെയും വൈകുന്നേരവും വന്നുനിറയുന്നതിന്റെ അളവെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. യൂറിനും അളവെടുക്കേണ്ടതുണ്ടായിരുന്നു.
