പുസ്തകങ്ങളുടെ ശത്രുക്കൾ, വായനക്കാരുടെയും 

Column

പുസ്തകങ്ങളുടെ ശത്രുക്കൾ, വായനക്കാരുടെയും 


എൻ്റെ പുസ്തക മുറിയിലേക്ക് ഒരിക്കൽക്കൂടി അവർ കടന്നുവന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു അവരുടെ വരവ്. വരാതിരിക്കാനാവശ്യമായ മുൻകരുതലുകൾ പലതും എടുത്തതായിരുന്നു. എന്നിട്ടും ചിതലുകൾ രഹസ്യമായി കടന്നുവന്നു. പുസ്തകപ്രേമികളുടെ ഏറ്റവും വലിയ ശത്രു ചിതലുകളാണ്. അവരെപ്പോഴും നടത്തുന്നത് ശരിക്കും ഭീകരാക്രമണങ്ങളാണ്. നമുക്ക് നിസ്സഹായരായി മാറിനിൽക്കാനേ കഴിയൂ. വരുമ്പോൾ അസംഖ്യം ചിതലുകൾ ഒരുമിച്ചാണ് വരുന്നത്. എണ്ണിയാലൊടുങ്ങാത്ത കൂട്ടങ്ങളായി. അക്രമം തുടങ്ങി അവസാനിക്കാറാവുമ്പോഴേ നമ്മളതറിയൂ എന്നതാണ് മറ്റൊരു പ്രശ്നം. എത്ര വലിയ പുസ്തകക്കൂട്ടവും അവർ ചുരുങ്ങിയ സമയം കൊണ്ട് തിന്നുതീർത്തു കളയും. ശരിക്കും നിശ്ശബ്ദ വിപ്ലവകാരികൾ!  

കടലാസിൽ അടങ്ങിയിരിക്കുന്ന സെല്ലുലോസാണ് അവരെ ആകർഷിക്കുന്നത്. മരംകൊണ്ടു നിർമ്മിച്ച ബുക്ക് ഷെൽഫുകളാണെങ്കിൽ അവർക്ക് ഉത്സവമായി. മരത്തിലുമുണ്ട് സെല്ലുലോസ്. അതോർത്ത് മരംകൊണ്ടുള്ള ഷെൽഫുകൾ പോലും ഞാനുപേക്ഷിച്ചിരുന്നു. അലുമിനിയം ഷെൽഫുകളിലാണ് ഇപ്പോൾ പുസ്തകങ്ങൾ സൂക്ഷിക്കാറ്. എന്നിട്ടും അവരെന്നെ തോല്പിച്ചു കളഞ്ഞു. ഇത്തവണ കുറച്ചു പുസ്തകങ്ങളെ മാത്രമെ അവർ ഉപദ്രവിച്ചുള്ളൂ. അഥവാ നഷ്ടമായുള്ളൂ. മുമ്പൊരിക്കൽ അവരൊരു വരവ് വന്നിരുന്നു. അതൊരു വല്ലാത്ത വരവായിരുന്നു. അഞ്ഞൂറിലേറെ പുസ്തകങ്ങളെ അന്നെനിക്ക് ചിതയിലേക്കെടുക്കേണ്ടതായി വന്നു. 

അതൊരു മറക്കാനാവാത്ത ദിവസമാണ്. എല്ലാം വാരിയെടുത്ത് കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. പുസ്തകങ്ങൾ എന്നു പറഞ്ഞു കൂടാ, പുസ്തകാവിശിഷ്ടങ്ങളെ എന്ന് പറയുന്നതാവും കൃത്യം. ചിതലുകളുടെ വിശപ്പിനെ അതിജീവിച്ച കുറെ പുസ്തകഭാഗങ്ങൾ. ജീവൻ നഷ്ടമായ ആ പുസ്തകങ്ങളെ കത്തിച്ചു കളയുമ്പോൾ എൻ്റെ മനസ്സ് ശരിക്കും വേദനിച്ചിരുന്നു. പൊന്നുപോലെ സൂക്ഷിച്ചുവെച്ച ചില അപൂർവ്വ ഗ്രന്ഥങ്ങളെ അവർ തിന്നുകളഞ്ഞു. പലതിൻ്റെയും കവറുകൾ മാത്രം ബാക്കിയായി. അതിനാൽ നഷ്ടപ്പെട്ടവ ഏതൊക്കെ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 


Related Articles