റിസോർട്ടുകളുടേയും ഹോട്ടലുകളുടേയും ഒരു പ്രത്യേകതയെന്തെന്നാൽ പലതരം സ്വഭാവ സവിശേഷതകളുള്ള മനുഷ്യരെ ഏറ്റവും അടുത്ത് കാണാമെന്നതാണ്. അങ്ങനെ കണ്ട മറ്റൊരാളായിരുന്നു അറുപതിനു മുകളിൽ പ്രായമുള്ള, നാദാപുരത്തുകാരനായ, ആജാനുബാഹുവെന്നുതന്നെ പറയാനാവുന്ന അയാൾ. വയനാട്ടിലെ റിസോർട്ടിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അയാളെ കണ്ടത്.
അവിടെ ഞങ്ങളെ സഹായിക്കാൻ പ്രേമൻ എന്നൊരാൾ ഉണ്ടായിരുന്നു. പ്രേമൻ സത്യത്തിൽ വയനാട്ടുകാരനല്ല. വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക് ജോലിക്കെത്തുകയും പിന്നീട് ഇവിടെ സ്ഥിരതാമസക്കാരനായി മാറുകയുമായിരുന്നു. കൃഷിപ്പണിയും തടിപ്പണിയുമടക്കം അത്യാവശ്യം ഏത് ജോലിയും ചെയ്യും. ചില കള്ളവേട്ടകൾക്കും പ്രേമൻ കൂട്ടുപോവാറുണ്ടെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്. അക്കാരണത്താൽ വയനാട്ടുകാരല്ലാത്ത പലരുമായും പ്രേമന് ചങ്ങാത്തമുണ്ടായിരുന്നു. ആരെയും ആകർഷിക്കുന്ന സ്വഭാവസവിശേഷത കാരണമാണ് പ്രേമന് ഇങ്ങനെ മനുഷ്യരുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്.
അങ്ങനെയേതോ കാലത്ത് വയനാട്ടിലെത്തിയ സമയത്ത് അയാളുമായി പ്രേമൻ കൂട്ടായി. നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന അയാൾ പ്രേമന് വീടുവെക്കാൻ ഒരു സ്ഥലം വാങ്ങിക്കൊടുത്തെന്നു മാത്രമല്ല ചെറിയൊരു വീട് വെക്കാനുള്ള സഹായവും ചെയ്തു. എല്ലാംകൊണ്ടും പ്രേമന് ഏറ്റവും വേണ്ടപ്പെട്ടൊരാൾ.
