2006-ൽ മരണത്തിന് ഏതാനും ദിവസം മുമ്പ് കണ്ടപ്പോൾ പ്രൊഫ. എം. കൃഷ്ണൻ നായർ പങ്കുവെച്ച ഒരാശങ്ക എൻ്റെ മനസ്സിലിപ്പോഴും ഓർമ്മ മങ്ങാതെ കിടപ്പുണ്ട്. “സുധീറേ, ഞാൻ മരിച്ചു കഴിഞ്ഞാലും ധാരാളം നല്ല പുസ്തകങ്ങൾ പുറത്തിറങ്ങും. അവയൊന്നും എനിക്കു വായിക്കാനാവില്ലല്ലോ എന്ന ചിന്ത എന്നെ അലട്ടുന്നു.” ആലോചിച്ചാൽ അതൊരു വലിയ ദു:ഖകാരണമാവാം - ജീവിതം വെച്ചുനീട്ടുന്ന എല്ലാ ആഹ്ലാദങ്ങളുടെയും അന്തകനായി മരണമെന്ന യാഥാർത്ഥ്യം നമ്മുടെ കൂടെയുണ്ട്. ആഹ്ലാദ സാധ്യതകളുടെ തുടർച്ചയുമായി ലോകം മുന്നേറുകയും ചെയ്യും. ജൈവികമായ നിലനില്പിൻ്റെ പരിമിതികൾ!
മരണം മുന്നിൽ കണ്ടപ്പോഴുള്ള കൃഷ്ണൻ നായർ എന്ന വലിയ വായനക്കാരൻ്റെ ആത്മരോദനമായിരുന്നു അത്. യുക്തിക്ക് നിരക്കാത്ത ആഗ്രഹമാണെങ്കിലും എന്നിലെ വായനക്കാരനും അങ്ങനെ ചിലതൊക്കെ ആഗ്രഹിക്കാറുണ്ട്. അത്തരമൊന്നാണ് 2114 കഴിഞ്ഞേ മരിക്കാവൂ എന്നത്. കാരണം ലളിതമാണ്. 2114-ൽ മാത്രം പ്രസിദ്ധീകരിക്കുവാനായി നൂറ് പുസ്തകങ്ങൾ എഴുതപ്പെടാൻ പോകുന്നു. അവയിൽ പതിനൊന്നെണ്ണം എഴുതി ഓസ്‌ലോയിലെ ലൈബ്രറിയിൽ പ്രത്യേകം സംവിധാനം ചെയ്ത് നിർമ്മിച്ചിട്ടുള്ള ഒരു മുറിയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. പന്ത്രണ്ടാമത്തെ നോവൽ ഇന്ത്യക്കാരനായ അമിതാവ് ഘോഷ് എഴുതിക്കൊണ്ടിരിക്കുന്നു. 2026 മെയ് മാസത്തോടെ അദ്ദേഹം അത് ഫ്യൂച്ചർ ലൈബ്രറി പ്രൊജക്ടിന് കൈമാറും. മറ്റ് എഴുത്തുകാരും നമുക്കൊക്കെ പ്രിയപ്പെട്ടവരാണ്. നമ്മുടെ കാലത്ത് അവരെഴുതിയ രചനകൾ വായിക്കണമെങ്കിൽ ഇനിയും 90 വർഷംകൂടി നമ്മളെന്ന വായനക്കാർ ജീവിച്ചിരിക്കണം!
