ഇന്നും ഉത്തരം കിട്ടാത്തൊരു സമസ്യയുണ്ട്. പത്താംക്ലാസ് കഴിഞ്ഞ് കുറേ നാൾ ഒരു കടയിൽ ജോലി ചെയ്തു. ഗോൾഡ് കവറിംഗ് കടയായിരുന്നത്. സ്കൂളിൽ കെമിസ്ട്രിയിൽ മനസിലാക്കാൻ കഴിയാതെ പോയ ആനോഡും കാഥോഡും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഒരു ലാബിലെന്ന പോലെ നേരിട്ടനുഭവിച്ച കാലം. ഡവറ പോലെ ഒരു പാത്രത്തിലാണ് ഈ പണി ചെയ്യാറുണ്ടായിരുന്നത്.
ക്യൂബ് ആകൃതിയിലുള്ള സയനൈഡ് കട്ടകൾ വെള്ളം നിറച്ച പാത്രത്തിലേക്ക് ഇട്ട് അലിയിക്കും. അതിനു ശേഷം ചെറിയൊരു വോൾട്ടേജ് നിയന്ത്രണ സംവിധാനത്തിൽ നെഗറ്റീവും പോസിറ്റീവും വയറുകളുണ്ടാവും. അതിൽ സ്വർണ്ണത്തിന്റെ നേർത്ത ഷീറ്റ് ഒരു ഭാഗത്തും മറുവശത്ത് സ്വർണം പൂശാനുള്ള ആഭരണങ്ങളും കെട്ടിയിടും. സയനൈഡ് കലർന്ന വെള്ളത്തിൽ സ്വർണം തരിതരിയായി സഞ്ചരിക്കുന്ന കാഴ്ച കൌതുകമായിരുന്നു. ഫൈറ്റർ മത്സ്യത്തിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പോലെയായിരുന്നു അതിന്റെ ചലനം. അങ്ങനെ ആറോ എഴോ കോട്ടുകൾ കൊടുത്താണ് ആഭരണത്തിൽ സ്വർണംപൂശുക. ഓരോ കോട്ട് കഴിയുമ്പോഴും ആഭരണം ഉരച്ച് കഴുകണം. അതിനായി ഇരുമ്പ് നാരുകളുള്ള ബ്രഷാണ് ഉപയോഗിച്ചിരുന്നത്.
പതപ്പിക്കാനായി ഉപയോഗിച്ചിരുന്നത് വെള്ളത്തിൽ കുതിർത്ത സോപ്പിൻകായ് ആയിരുന്നു. (അക്കാലത്ത് മലഞ്ചരക്ക് കടയിൽ അതും വിൽപ്പനയ്ക്കുണ്ടായിരുന്നു) ആദ്യനാളുകളിൽ സ്വർണം പൂശിയെടുത്ത ആഭരണങ്ങൾ ഉരച്ചു കഴുകുന്നതായിരുന്നു ജോലി. പിന്നീടതിൽ നിന്നും സ്ഥാനക്കയറ്റം കിട്ടി.
