അയാൾ അവനെ തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. സർജറിയുടെ നടപടിക്രമങ്ങളുടെ ഭാഗമായി ഷേവ് ചെയ്യുന്നതിനും മറ്റും വന്നതാണ്. സർജറിക്ക് രാവിലെ എട്ടരയോടുകൂടി ഓ.ടി. യിലേക്ക് കൊണ്ടുപോകുമെന്ന് തലേന്ന് പറഞ്ഞിരുന്നു. അതിന് ഇനിയും നേരം ഒരുപാട് ബാക്കി. ഇടക്കെപ്പോഴെങ്കിലും ബസ്സുള്ള ഒരു നാട്ടിൽ ബസ്സു കാത്തുനിൽക്കുന്നതുപോലെ വിരസമായി സമയം ഇഴഞ്ഞുനീങ്ങുന്നു. കുറേനേരത്തിനുശേഷം അവൻ തിരിച്ചുവരുമ്പോൾ രൂപമാകെ മാറിയിരുന്നു. ഇടതൂർന്നു വളർന്ന താടിയും മീശയുമെല്ലാം വടിച്ചുമാറ്റിയിരുന്നു. കുറേനേരം കഴിഞ്ഞ് അവൻ വീണ്ടുമുറങ്ങി. ഞാനും.
ആറുമണി കഴിഞ്ഞപ്പോഴേക്കും നേഴ്സുമാർ ദിനചര്യകൾ തുടങ്ങി. പ്രഷർ, പൾസ് എല്ലാം നോർമ്മൽ. ഏഴര കഴിഞ്ഞപ്പോൾ വാർഡിന്റെ ചുമതലയുള്ള നേഴ്സ് വന്നു, ആശുപത്രിയുടെ പരമ്പരാഗത പച്ചക്കുപ്പായം ഇട്ടുകൊള്ളാൻ പറഞ്ഞു. മാസ്ക്കും തൊപ്പിയും വച്ചു. അരയിൽ അരഞ്ഞാണമുണ്ടെങ്കിൽ അഴിച്ചുവക്കാൻ പറഞ്ഞു. പൊട്ടിച്ചെറിയാൻ അരയിലൊരു ചരടുപോലുമില്ലെന്ന യാഥാർത്ഥ്യം അവർക്കു മുന്നിൽ ഉടുതുണിയഴിച്ചിട്ടു. നടപടിക്രമങ്ങൾ അവനിൽ പരിഭ്രാന്തി വിടർത്തുന്നുണ്ട്. അല്ലെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ അത് സംഭവിക്കാൻ പോകുന്നു എന്ന തോന്നലാണ് നമ്മെ ഭയപ്പെടുത്തുക. ഭയമില്ലെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താൻ അവൻ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.
ഒരു സ്ത്രീ വീൽച്ചെയറുമായി വന്നു. അതിൽ കയറി നാലാം നിലയിലെ ഓ.ടിയിലേക്ക് പോയി. അപ്പോഴേക്കും അച്ഛൻ വന്നിരുന്നു. കുറച്ചുനേരത്തിനുള്ളിൽ ഓ.ടി. യിൽ നിന്ന് അനൗൺസ്മെൻ്റ്.
