യുദ്ധപർവ്വം, രണ്ടാം ദിവസം

Column

യുദ്ധപർവ്വം, രണ്ടാം ദിവസം


രണ്ടാം ദിവസവും ശാന്തമായി തുടങ്ങി. പുറത്ത് ചാറ്റൽമഴ. പുലരിയുടെ സുഖശീതളിമയിൽ സുഖമായുറങ്ങുന്ന ഏട്ടൻ. അവനരികിൽ അതേ ശാന്തതയിൽ പൂർണ്ണിമ. ഐവി സ്റ്റാന്റിൽനിന്ന് അവന്റെ കൈഞരമ്പിലേക്കു നീളുന്ന സുതാര്യമായ കുഴലിലേക്ക് നോക്കി ഞാൻ കിടന്നു. കാനുലയിലൂടെ ഞരമ്പുകളിലേക്ക് യുദ്ധഭൂമിയിലെ രക്തം പോലെ എൻഎസും ആൻ്റിബയോട്ടിക്കും പാൻ്റപ്രസോളും അനുസ്യൂതമൊഴുകുന്നു.

നേഴ്സ് വന്ന് സുഖവിവരങ്ങൾ തിരക്കി. ബിപിയും പൾസും പരിശോധിച്ചു. നാളത്തെ മഹാഭിഷഗ്വരർ ആയേക്കാവുന്ന പഠിതാക്കൾ വന്ന് രോഗാരംഭംമുതൽ ആശുപത്രികിടക്കവരെയുള്ള ആതുരചരിത്രം കുറിച്ചെടുത്തു. വയറിനോടു ചേർന്നുള്ള ഭാഗങ്ങൾ അമർത്തിനോക്കി. പരസ്പരമെന്തൊക്കെയോ പറഞ്ഞു.

അറ്റന്റർ വന്നു. സ്കാൻ, എക്സറെ തുടങ്ങിയ നടപടിക്രമങ്ങളാൽ പകലൊടുങ്ങി.

ഒന്നാം ദിവസം പോലെയായിരുന്നില്ല രണ്ടാം ദിവസം. അവൻ മാനസികമായി തളർന്നുതുടങ്ങിയിരുന്നു. ആ തളർച്ച അവൻ്റെ മുഖത്തിലും ശബ്ദത്തിലും നിഴലിക്കുന്നുണ്ടായിരുന്നു. ഇല്ലാത്ത ഉൾക്കരുത്തിന്റെ കപടലോകം സൃഷ്ടിച്ചുകൊണ്ട് ഞാൻ അവന്റെ മുന്നിൽ നിന്നു.


Related Articles