ഇപ്പോൾ എന്റെ ഏറ്റവും വലിയ ഭയം അസുഖങ്ങളാണ്. ആദ്യകാലത്താവട്ടെ വെള്ളവും ഉയരവുമായിരുന്നു ഭീതിപ്പെടുത്തിയത് (അതിപ്പോഴുമുണ്ട്). അസുഖങ്ങളോടുള്ള ഭീതി തുടങ്ങിയത് ഉപ്പയ്ക്ക് സംഭവിച്ച ഒരു അപകടം മുതലാണ്. ചുമട്ട് തൊഴിലാളിയായിരുന്ന ഉപ്പ ഒരിക്കൽ അരിച്ചാക്ക് ഇറക്കുമ്പോൾ ലോറിയിൽ നിന്നും വീണു. കൂടെയുള്ളവർ തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തലക്ക് കാര്യമായെന്തോ പരിക്ക് പറ്റിയെന്നായിരുന്നു അവരുടെ നിഗമനം. ഉടനെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഡോക്ടർ പറഞ്ഞതനുസരിച്ച് അവർ ഒരു ആംബുലൻസിൽ ഉപ്പയെ കയറ്റി. വീട്ടിലേക്കും അറിയിച്ചു. മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴി ആംബുലൻസിൽ കയറാനായി ഉപ്പയുടെ മറ്റ് ചികിത്സാ രേഖകളുമായി വഴിയിൽ കാത്തുനിന്നു. പക്ഷേ, ആംബുലൻസിൽ സ്ഥലമില്ലാത്തതു കാരണം കയറാൻ കഴിഞ്ഞില്ല. കോഴിക്കോട്ടേക്ക് ആദ്യം വന്ന ബസിൽ കയറി. ഉപ്പയുടെ കൂടെപ്പോയവരുമായി ഫോണിൽ സംസാരിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്കുള്ള ബസിൽ ഇരിക്കുമ്പോഴും മനസിൽ വല്ലാത്ത ഭയമായിരുന്നു. എങ്ങനെയെല്ലാമോ അവിടെ എത്തി. അതിനിടെ ഉപ്പയെ സ്കാൻ ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്തോ ഒരു കാര്യവുമില്ലാത്ത പേടിയായിരുന്നു അപ്പോഴും. സ്കാനിംഗ് റൂമിന് പുറത്തിരിക്കുമ്പോൾ വീട്ടിൽ നിന്നും വിളിച്ചവരോടൊക്കെ കയർക്കുകയായിരുന്നു ഞാൻ.
ഭാഗ്യംകൊണ്ട് സ്കാൻ റിസൽട്ടിൽ കുഴുപ്പങ്ങളൊന്നുമില്ലായിരുന്നു. രാത്രിതന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷേ, അന്നുമുതൽ ഇതെഴുതുന്ന നിമിഷം വരെ വീട്ടിൽ നിന്നുള്ള ഫോൺ വിളികൾ എന്റെയുള്ളിൽ അനാവശ്യ ചിന്തകളുടെ തീ വാരിയിടാറുണ്ട്.
പിന്നെയും അനവധി ആശുപത്രിവാസങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണക്കാരനായ ഒരു മനുഷ്യനെ വല്ലാതെ ഇരുത്തിക്കളയാൻ പ്രിയപ്പെട്ടവർക്ക് വരുന്ന അസുഖങ്ങൾ കാരണമാവുന്നുണ്ടെന്നാണ് തോന്നുന്നത്. ഏറ്റവും ചുരുങ്ങിയപക്ഷം അതെന്നെ വല്ലാതെ ബാധിക്കാറുണ്ട്. വീട്ടിലാർക്കെങ്കിലും അസുഖങ്ങൾ വന്നാൽ ഉള്ളിലൊരു എരിച്ചിലാണ്. ഇരിക്കാനോ നിൽക്കാനോ കിടക്കാനോ കഴിയാതെ ചങ്കിൽ അമ്പേറ്റ കിളിയെപ്പോലെ പതറും. കാര്യമില്ലാതെ നെഞ്ചിടിപ്പേറി ആങ്സൈറ്റി ഉയരും. തീരെ സഹിക്കാൻ കഴിയാതായപ്പോൾ ചികിത്സിക്കേണ്ടിയും വന്നു.
