രണ്ടായിരത്തിപ്പതിനെട്ടിന്റെ അവസാനത്തോടെ മറ്റൊരു ജോലിക്ക് കയറി. ഒരുതരം അധോലോക തൊഴിലായിരുന്നു അത്. നിരോധിത ലോട്ടറിയുടെ കളക്ഷൻ ഏജന്റിന്റെ വേഷം. കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി നടക്കുന്ന നിയമവിരുദ്ധമായ ലോട്ടറിക്കച്ചവടം. സർക്കാർ ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പറിനെ അടിസ്ഥാനമാക്കിയാണ് സമ്മാനം.
കൃത്യമായി പറഞ്ഞാൽ അന്ന് പത്ത് രൂപയ്ക്ക് ടിക്കറ്റ് എടുത്താൽ സമ്മാനത്തുകയായി അയ്യായിരം രൂപ കിട്ടും. നൂറു രൂപ മുതൽ പതിനായിരം രൂപയ്ക്ക് വരെ ടിക്കറ്റ് എടുക്കുന്നവർ ഉണ്ടായിരുന്നു(ഇപ്പോഴും കാണും).
അതിന്റെ വിതരണത്തിന് കൊയിലാണ്ടിയിലും കോഴിക്കോട് നഗരത്തിലും തുടങ്ങി പലയിടത്തും ഏജന്റുമാരുണ്ട്. അവരുടെ കൈയിൽ നിന്നും പണം പിരിക്കുക, അവർക്ക് ലഭിക്കുന്ന സമ്മാനത്തുക കൈമാറുക. ഇതായിരുന്നു പ്രധാന ജോലി. മിക്ക ദിവസങ്ങളിലും ബസിലെ തിരക്കിൽ പണം നിറച്ച ബാഗുമായി നിൽക്കുമ്പോൾ ചുറ്റിലുമുള്ള സകല മനുഷ്യരേയും പേടിയായിരുന്നു. ആരെങ്കിലും അത് പോക്കറ്റടിച്ചാൽ അത്രയും തുകയുണ്ടാക്കുകയെന്നത് അസാധ്യമാണെന്ന ബോധ്യത്തിൽ നിന്നുണ്ടായ ഭീതി.
