രണ്ടായിരത്തി പതിനെട്ടിന്റെ തുടക്കകാലം, വയനാട്ടിലെ ജോലി വിട്ടതിനു ശേഷം ചെന്നത് കണ്ണൂർ ജില്ലയിലെ പാനൂരിലേക്കായിരുന്നു. അവിടെ ഒരു യതീംഖാനയിലെ ഡ്രൈവർ ജോലിയാണ് ചെയ്തത്. ആൺകുട്ടികളും പെൺകുട്ടികളുമായി ഇരുന്നൂറിലധികം കുട്ടികളുണ്ടായിരുന്നൊരു സ്ഥാപനം. അവിടെയുണ്ടായിരുന്ന ചെറിയ കുട്ടികളുടെ നഴ്സറി സ്കൂളിലേക്ക് പുറത്ത് നിന്നുള്ള കുഞ്ഞുങ്ങളെ വിളിച്ചുകൊണ്ടു വരികയും വൈകിട്ട് അവരെ സുരക്ഷിതരായി വീടുകളിൽ എത്തിക്കുകയുമായിരുന്നു പ്രധാന ജോലി. അതിനു ശേഷം സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളെയും സ്കൂളിലേക്ക് വിടണം. പിന്നെയുണ്ടായിരുന്ന ജോലി സ്ഥാപനത്തിലെ കുട്ടികൾക്ക് അസുഖം വന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും തിരികെയെത്തിക്കുകയുമായിരുന്നു.
തികച്ചും ഇസ്ലാമിക് കൾച്ചറിനകത്തുള്ള ജീവിതം രസകരമായിരുന്നു. പ്രത്യേകിച്ച് അവിടെ അധ്യപകരായിരുന്നവരിൽ മിക്കവരും സമാനപ്രായക്കാർ. അതിനാൽ ഒരു ടീം എന്നതു പോലെയായിരുന്നു ജോലി. ഡ്രൈവറാണെന്ന മാറ്റി നിറുത്തലൊന്നും അവർക്കാർക്കും ഇല്ലായിരുന്നു. അവിടെ താമസിച്ച് പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാനും കിടക്കാനുമുള്ള കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ മുറിയും. അതുകൊണ്ട് പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കേണ്ടി വരുമായിരുന്നു. സത്യത്തിൽ അവരെയെല്ലാം കാണുമ്പോൾ മനസില്‍ വല്ലാത്തൊരു സങ്കടമുണ്ടായിരുന്നു. തീരെ സാമ്പത്തിക ശേഷിയില്ലാത്തവരായിരുന്നു കുഞ്ഞുങ്ങൾ. അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ കുടുംബത്തിൽ അരക്ഷിതാവസ്ഥകൾ അനുഭവിക്കുന്നവരായിരുന്നവർ.
എന്നാൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളുടെ സകല സ്വഭാവങ്ങളും അവരിലുമുണ്ടായിരുന്നു. ചിലപ്പോൾ അവരുടെ കുസൃതികൾ അതിരുകടക്കും. അതിനെ ക്ഷമയോടെ നേരിടുകയെന്നു മാത്രമെ സാധിക്കൂ. കാരണം, സ്വന്തം വീടും മാതാപിതാക്കളും ഇല്ലാതെ, മറ്റൊരിടത്ത് സ്വന്തം വീടിന്റെ സൗകര്യങ്ങളൊന്നുമില്ലാത്ത ജീവിതം അത്ര സുഖമുള്ളതല്ല. സങ്കടങ്ങളും കരച്ചിലുകളും വാശിയും നിരാശയും സമാന പ്രായമുള്ള മറ്റാരെക്കാളും അധികമായിരുന്നു അവർക്കെന്ന് മനസിലാക്കിയിട്ടുണ്ട്.
