"Editing can be compared to a person's death. One does not really know a person until he has died. - പിയർ പാവ്‌ളോ പസോളിനി.
പിയർ പാവ്‌ളോ പസോളിനി ഒന്നല്ല. പലതാണ്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നതെങ്കിലും ഇറ്റലിയിൽനിന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു കവിയും നോവലിസ്റ്റും രാഷ്ട്രീയ ചിന്തകനും ജേർണലിസ്റ്റും ചലച്ചിത്രസൈദ്ധാന്തികനും തിരക്കഥാകൃത്തും ചിത്രകാരനും നാടകക്കാരനുംകൂടിയാണ് അദ്ദേഹം.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും മഹാനായ ഇറ്റാലിയൻ കവി എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രശസ്ത സാഹിത്യകാരനുമായ ആൽബർട്ടോ മോറാവിയ പസോളിനിയെ വിശേഷിപ്പിച്ചത്. വിഷയം രാഷ്ട്രീയമോ, ചരിത്രമോ, സാമ്പത്തിക ശാസ്ത്രമോ ആകട്ടെ, അദ്ദേഹത്തിന്റെ എഴുത്ത് കവിതാമയമായിരുന്നു. ഇറ്റലി വളരെയധികം മാറ്റങ്ങൾക്ക് വിധേയമായ കാലമായിരുന്നു അത്. ഇറ്റലിയുടെ ജീർണതയ്ക്ക് അദ്ദേഹം സാക്ഷ്യംവഹിച്ചു. അതൊക്കെയും ഒരു ഇടതുപക്ഷ വീക്ഷണത്തോടെ കണ്ടു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
