ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഓസ്ട്രിയൻ ചിത്രമാണ് അമ്മയുടെ കുഞ്ഞ് (Mother's baby). ജോഹന്ന മോദർ ആണ് ചിത്രത്തിന്റെ സംവിധായക.
നായികയായ ജൂലിയ ബോദെ സിംഫണികളും മറ്റും ഹൃദ്യമായി അവതരിപ്പിക്കുന്ന സംഗീതകാരിയാണ്. കാലംനീണ്ട കാത്തിരിപ്പിന് ശേഷം ജൂലിയയ്ക്കും പങ്കാളി ജോർജ് ബോദെയ്ക്കും കുഞ്ഞുണ്ടാവുന്നതിലേക്കാണ് സിനിമ തുടങ്ങുന്നത്. ആദ്യ രംഗത്തിലെ സുന്ദരമായ ഒരു ബിംബമാണ് അവരുടെ ഉത്തേജിത മനസ്സിനെ തൊട്ടുകാട്ടുന്നത്. ഉത്സവപ്പറമ്പിലെയോ പാർക്കിലെയോ വമ്പൻ ചക്രത്തിൽ കറങ്ങുമ്പോഴുള്ള അവരുടെ ഉദ്വേഗവും ആവേശവുമാണത്. ഭയവും ഇല്ലാതില്ല. സിനിമയുടെ മാനസികഭൂവിടത്തിലേയ്ക്കുള്ള പ്രവേശവുമാണത്.
ഡോ. വിൽഫോർട്ടിന്റെ ഫെർട്ടിലിറ്റി ക്ലിനിക്കിലാണ് ജൂലിയയുടെ വിഷമപ്രസവം. കുഞ്ഞിനെ കയ്യോടെ ഏതോ തീവ്രപരിചരണ മുറിയിലേക്ക് മാറ്റുമ്പോൾ മുതൽ ജൂലിയ അസ്വസ്ഥയാവുന്നു. എന്താണ് കുഞ്ഞിന്റെ പ്രശ്നം എന്നവൾക്കും ജോർജിനും മനസ്സിലാകുന്നില്ല. കുട്ടിയ്ക്കുണ്ടായിരുന്ന ശ്വസനക്ലേശം മാറ്റി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ജൂലിയയ്ക്കും ജോർജിനും തിരികെ നൽകുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നു. ഇതൊക്കെ സ്വാഭാവികമാണല്ലോ എന്നാണ് ഡോക്ടർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരുടെ ഭാവചലനങ്ങൾ. ജോർജിന് ജൂലിയയ്ക്കുള്ള സന്ദേഹങ്ങളില്ല. കുഞ്ഞിനെ കിട്ടിയതോടെ ജോർജ് ആഹ്ലാദവാനായി കുഞ്ഞിനൊപ്പം പുതിയ ജീവിതം തുടങ്ങുന്നു. ജൂലിയയെയും കാത്തിരുന്നു കിട്ടിയ ആ ജീവിതത്തിലേക്ക് അയാൾ പലവുരു ക്ഷണിക്കുന്നുണ്ട്. എന്നാലവൾക്ക് കഴിയുന്നില്ല. ഇടമുറിഞ്ഞ സംഗീതസൃഷ്ടിയിലേക്കവൾ കടക്കാൻ ശ്രമിക്കുന്നുണ്ട്. കുഞ്ഞിനും അവളുടെ സ്വത്വത്തിനുമിടയിൽ മതിൽ പോലെ കഠിനമായതെന്തോ വളരുന്നു. ഇതായിരുന്നില്ല താൻ പ്രസവിച്ച കുഞ്ഞ് എന്നത് സംശയം, വിശ്വാസം, ഉറപ്പ് എന്നിങ്ങനെ വികസിക്കുന്നു. ഡോക്ടര്‍ വിൽഫോർട്ടിനോടുള്ള സംശയവും അനിഷ്ടവും നഴ്സുമാരോടും മിഡ് വൈഫുമാരോടുമൊക്കെ പകരുന്നു. പ്രസവാനന്തര വിഷാദമാവാം അല്ലെങ്കിൽ മാനസിക അസ്വാസ്ഥ്യമാവാം എന്ന് കരുതുന്ന ഭർത്താവ്, നമുക്കതിന് ചികിത്സയെടുക്കാമെന്ന് പറയുന്നു. കുട്ടിയുടെ സുരക്ഷയിലുള്ള ആശങ്കയോടെ ജോർജ് കുഞ്ഞിനെയെടുത്ത് തന്റെ അമ്മയുടെ വീട്ടിലേക്ക് പാർപ്പ് മാറ്റുന്നു.
