നാടകത്തിലെ നായകകഥാപാത്രത്തെപ്പറ്റി വിശദീകരിക്കുന്ന സന്ദർഭത്തിൽ ഭാരതീയ നാട്യശാസ്ത്രഗ്രന്ഥങ്ങൾ ഉദാത്തൻ, ഉദ്ധതൻ, ലളിതൻ, ശാന്തൻ എന്നിങ്ങനെ നാലുതരം നായകപ്രകൃതങ്ങളെ നിർദ്ദേശിച്ചിട്ടുണ്ട്. ധീരത എല്ലാത്തരം നായകന്മാരുടെയും യോഗ്യതയായി പരിഗണിച്ചുകൊണ്ട് ധീരോദാത്തൻ, ധീരോദ്ധതൻ, ധീരലളിതൻ, ധീരശാന്തൻ എന്നിങ്ങനെയും ഇതേ പട്ടികയെ പുതുക്കിപ്പറയാറുണ്ട്. ധീരോദാത്തനും ധീരശാന്തനും എട്ടുവിധത്തിലും ധീരോദ്ധതനും ധീരലളിതനും 44 വിധത്തിലും വരുമെന്നും നാട്യശാസ്ത്രഗ്രന്ഥങ്ങൾ പറയുന്നു. അങ്ങനെ മൊത്തം 104 തരം നായകന്മാരെ ഭാരതീയ നാട്യശാസ്ത്രം മുന്നിൽ നിർത്തുന്നുണ്ട്. ഇതിൽത്തന്നെ ഭാരതീയനാടക സങ്കല്പത്തിന്റെ അടിസ്ഥാനമായി നിൽക്കുന്ന നായകനാണ് ധീരോദാത്തൻ. ധീരോദാത്തനും അതിപ്രതാപഗുണവാനും വിഖ്യാതവംശനും ധരാപാലനുമായ നായകനെയാണ് ഇന്ത്യൻ നാട്യപദ്ധതികൾ അവതരിപ്പിച്ചത്. പിൽക്കാലത്ത് വിഖ്യാതവംശൻ, ധരാപാലൻ എന്നീ നിബന്ധനകൾക്ക് മാറ്റം സംഭവിച്ചുവെങ്കിലും ധീരോദാത്തൻ എന്ന സങ്കല്പം നായകപ്രകൃതത്തിൽനിന്ന് തീർത്തും ഒഴിഞ്ഞുപോവുകയുണ്ടായില്ല. നാടകത്തിന്റെ സ്ഥാനത്ത് സിനിമ വന്നപ്പോഴും ഈ നായകൻ മാറ്റമില്ലാതെ തുടർന്നുപോന്നു; ഇന്നും തുടർന്നു പോരികയും ചെയ്യുന്നു.
രാജഭരണം നിലനിന്ന ഒരുകാലത്ത് രാജാവിനെ കേന്ദ്രീകരിച്ച് നായകസങ്കല്പം രൂപീകരിക്കപ്പെടുന്നതിൽ അസ്വാഭാവികതയില്ല. ആ നായകൻ ധീരനായിരിക്കണമെന്ന് കല്പിക്കുന്നതിലും അസ്വാഭാവികതയില്ല. രാജാവിന്റെ ധീരത അധികാരപദവിയുടെകൂടി ധീരതയാണ്. എന്നാൽ രാജാധികാരത്തിന് പുറത്തുള്ള ജീവിതം സർഗ്ഗവ്യവഹാരങ്ങൾക്ക് വിഷയമായ സന്ദർഭങ്ങളിൽ മേൽപ്പറഞ്ഞ നാലു തരം നായകന്മാർക്ക് പുറമേ മറ്റൊരു നായകനും നമ്മുടെ സാംസ്‌കാരികജീവിതത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. അത് ദുർബ്ബലനും പരാജിതനും ദുഃഖിതനും ഭ്രഷ്ടനും അശാന്തനും മൊത്തത്തിൽ കാല്പനികനുമായ ഒരു നായകനാണ്. നമ്മുടെ പുരാണകൃതികളിലോ ഇതിഹാസങ്ങളിലോ ഇത്തരമൊരു നായകനെ കണ്ടുമുട്ടിയെന്നുവരില്ല. താരതമ്യേന പുതിയ കാലത്തിന്റെ നായകനാണ് അയാൾ. നമ്മുടെ ആധുനികസാംസ്‌കാരിക വ്യവഹാരങ്ങൾ പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ നാലു തരം ധീരനായകന്മാർക്കൊപ്പം ഈ നായകനും സ്ഥാനംകൊടുക്കേണ്ടതാണെന്നു കാണാം.
ഭാരതീയ നാട്യശാസ്ത്രങ്ങളിലെ നാലുതരം നായകന്മാർ യഥാർത്ഥജീവിതത്തിൽനിന്നുള്ള മനുഷ്യപ്രകൃതങ്ങളുടെ നാലു പ്രതിനിധികളാണ്. നാടകത്തിൽ മാത്രമല്ല, രാഷ്ട്രീയം, കായികമേഖല തുടങ്ങി പല പൊതുമേഖലകളിലും ഈ നായകന്മാരുടെ പ്രതിരൂപങ്ങളെ കണ്ടെത്താൻ കഴിയും. (ഇന്ത്യയുടെ സമീപകാലത്തെ നാലു ക്രിക്കറ്റ് നായകന്മാരെ എടുത്താൽ ധോണി ധീരോദാത്തൻ എന്ന ഗണത്തിലും ഗാംഗുലി ധീരോദ്ധതൻ എന്ന ഗണത്തിലും സച്ചിൻ ടെൻഡുൽക്കർ ധീരലളിതൻ എന്ന ഗണത്തിലും രാഹുൽ ദ്രാവിഡ് ധീരശാന്തൻ എന്ന ഗണത്തിലുമാണ് പെടുകയെന്നു കാണാം). സിനിമയുടെ ആവിർഭാവത്തോടെ ഈ നാലുതരം നായകന്മാർ സിനിമയിലും പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ സിനിമയ്ക്ക് പൊതുവേ സ്വീകാര്യമായത് ധീരോദാത്തൻ, ധീരലളിതൻ എന്നിങ്ങനെയുള്ള രണ്ട് നായകരൂപങ്ങളാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ മനസ്സുകളിൽത്തന്നെ സനാതനമായി പ്രവർത്തിക്കുന്ന, നിലനിൽക്കുന്ന രണ്ട് നായകമാതൃകകളാണ് ഇവർ. പുരാണങ്ങളിൽ ശിവൻ-വിഷ്ണു എന്നീ ദ്വന്ദ്വത്തിൽ നമ്മൾ കാണുന്നത് ധീരോദാത്തൻ-ധീരലളിതൻ എന്ന ദ്വന്ദ്വമാണ്. ഇതിഹാസങ്ങളിൽ അത് രാമൻ-കൃഷ്ണൻ ദ്വന്ദ്വമായി പ്രത്യക്ഷപ്പെടുന്നു. ഈ ദ്വന്ദ്വത്ത്വം ഇന്ത്യയിലെ നായകസങ്കല്പത്തിൽ രൂഢമായി നിലനിന്നുപോരുന്നതാണ്. ആധുനിക കലാരൂപമായ സിനിമയുടെ മേഖലയിൽ ഈ ഇരട്ടനായകന്മാർ ഒരു നിത്യസാന്നിദ്ധ്യമായി നിലനിൽക്കുകയോ പ്രവർത്തിക്കുയോ ചെയ്തുപോരുന്നുണ്ട്. ഏതു ഭാഷയിലും ഏതു കാലത്തും സിനിമാരംഗത്ത് രണ്ട് സൂപ്പർതാരങ്ങൾ നിലനിൽക്കുന്നു എന്നതാണ് അതിന്റെ പ്രത്യക്ഷമായ തെളിവ്. ജനതയുടെ സമൂഹാബോധമനസ്സിൽനിന്ന് ഉണർന്നുവരുന്ന രണ്ടുതരം നായകസങ്കല്പങ്ങളുടെ മൂർത്തീകരണമാണ് ഓരോ താരനിർമ്മിതിയിലും സംഭവിക്കുന്നത് എന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്.
