മാസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഉക്രെയിനെതിരെയുള്ള റഷ്യയുടെ ആക്രമണത്തിനെതിരെ ലോകമൊന്നാകെ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വളാടിമീർ പുടിൻ ഏകപക്ഷിയമായി ആരംഭിച്ച ആക്രമണം, റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ഉക്രെയിന്റെ സാമ്പത്തികരംഗം അടിമുടി തകർത്തു കഴിഞ്ഞു. നിരവധി ആളുകളുടെ ജീവൻ അപഹരിച്ച യുദ്ധം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പുടിന്റെ ഭീഷണികൾക്ക് മുമ്പിൽ തലകുനിക്കാതെ, ഉക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയും രാജ്യത്തെ ജനങ്ങളും റഷ്യൻ സൈന്യത്തിന് നേരെ ശക്തമായ പ്രതിരോധമാണ് തീർത്തു കൊണ്ടിരിക്കുന്നത്. 1922ൽ സോവിയറ്റ് യുണിയനിൽ ചേർന്ന ഉക്രെയിൻ, 1991 ൽ നടന്ന സോവിയറ്റ് തകർച്ചയോടെയാണ് സ്വതന്ത്ര രാഷ്ട്രമായി മാറുന്നത്. തുടർന്ന്, Commonwealth of Independent States ലും പിന്നീട് NATO ലും അംഗമായ ഉക്രെയിനിൽ, വർഷങ്ങളായി റഷ്യ നേരിട്ടും അല്ലാതെയും ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2022 ഫിബ്രവരിയിൽ റഷ്യ നേരിട്ട് ഉക്രെയിൻ ആക്രമിക്കുന്നതോടെയാണ്, ഇപ്പോൾ നടന്നുകൊണ്ടിരി ക്കുന്ന റഷ്യ -ഉക്രെയിൻ യുദ്ധത്തിന് തുടക്കമാകുന്നത്.
ഈ സാഹചര്യത്തിലാണ് റഷ്യ, ഉക്രെയിൻ ജനതയോട് കാണിച്ച ക്രൂരതകളുടെ ചരിത്രം ലോകം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അവയിൽ, ലോക മനസ്സാക്ഷിയെ ഇപ്പോഴും ഞെട്ടിക്കുന്ന, 1932-33 കാലത്ത് ഉക്രെയിനിൽ നടന്ന ഹോളോഡോമോർ (Holodomor) കൂട്ടക്കൊല വീണ്ടും സജിവ ചർച്ചയ്ക്ക് വിഷയമാവുകയാണ്. ഉക്രെയിൻ ഭാഷയിൽ Holodomor എന്നാൽ 'പട്ടിണിക്കിട്ട് കൊല്ലുക' എന്നാണർത്ഥം. സ്റ്റാലിന്റെ സോവിയറ്റ് യൂനിയൻ ഭരണത്തിൽ, 1932 നും 1933 നുമിടയിൽ, ഉക്രെയിനിൽ മന:പൂർവ്വം സൃഷ്ടിച്ച പട്ടിണിയിൽ മരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തിനും ഒരു കോടിക്കുമിടയിലാണെന്നാണ് യുനൈറ്റഡ് നേഷൻസിന്റെ കണക്കുകൾ സുചിപ്പിക്കുന്നത്. 1926 മുതൽ 1939 വരെയുള്ള കാലത്ത് റഷ്യയിൽ ജനസംഖ്യ 16.9%വർധിച്ചപ്പോൾ, ഉക്രെയിനിൽ അത് 6.6% മാത്രമായിരുന്നു എന്ന വസ്തുത 1932-33 കാലത്തെ വൻ ആൾനാശമാണ് അടിവരയിടുന്നത്. ഈ ദുരന്തം കഴിഞ്ഞ് തൊണ്ണൂറ് വർഷങ്ങൾ പിന്നിടുമ്പോഴും, ഉക്രെയിൻ അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മോചനം നേടിയിട്ടില്ല. റഷ്യ, ഉക്രെയിൻ ആക്രമിച്ച ഈ പുതിയ സാഹചര്യത്തിൽ, ഹോളോഡോമോർ കൂട്ടക്കൊല പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നുണ്ട്.
