മരങ്ങളെ മനുഷ്യജീവിതത്തിനു മുകളിൽ പ്രതിഷ്ഠിച്ച പഴക്കമേറിയ ചിന്തകളിലൊന്ന് സുരപാലന്റെ വൃക്ഷായുർവേദത്തിലാണ്. മരങ്ങളെയും മൃഗങ്ങളെയും മനുഷ്യചിന്തകളുടെയും നന്മതിന്മകളുടെയും വാഹകരാക്കുന്നത് ഒരുകാലത്ത് സാധാരണമായിരുന്നു. കൗശലക്കാരായിരിക്കുമ്പോൾതന്നെ കുറുക്കന്മാർക്ക് പല അബദ്ധങ്ങളും പിണഞ്ഞു. ആമ മുയലിനെ തോല്പിച്ചു. എലി പൂച്ചയുടെ ശത്രുവായിരിക്കുമ്പോൾതന്നെ പൂച്ചയെ വട്ടംകറക്കുന്ന ആളുമായി. മനുഷ്യജന്മത്തിലെത്തുവാൻ മൃഗജന്മങ്ങൾ പലതും കടക്കേണ്ടതുണ്ടായിരുന്നു. ദൈവങ്ങൾക്ക് മനുഷ്യാവതാരങ്ങളും മൃഗാവതാരങ്ങളും സർവ്വസാധാരണമായിരുന്നു. മരങ്ങൾ മനുഷ്യരെപ്പോലെ പെരുമാറുകയും മനുഷ്യഭാഷയിൽ സംസാരിക്കുകയും ചെയ്തു. യാഥാർത്ഥ്യം ഭാവനയുടെ വിപരീതമല്ലാതിരുന്നതിനാൽ അക്കാലംഅവയെല്ലാം ഒരുമിച്ചുകഴിഞ്ഞുകൂടി. ആധുനികകാലത്തും മനുഷ്യകാമനകളുടെ ആവിഷ്കാരം ഇതരജീവിതങ്ങളെ പ്രതീകവൽക്കരിച്ചുകൊണ്ടായിരുന്നു.
വസന്തം ചെറിമരങ്ങളിൽ ചെയ്തതായിരുന്നു പാബ്ലോനെരൂദയ്ക്ക് പ്രണയത്തിന്റെ പരമാവധി. കസാൻദ്സാക്കിസ് ആൽമണ്ട്മരത്തോട് ദൈവത്തെക്കുറിച്ച് സംസാരിക്കാൻ പറഞ്ഞപ്പോൾ അതാകെ പൂത്തുലഞ്ഞു. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ അനിയത്തിയെ കാത്തുനിന്ന ജ്യേഷ്ഠത്തി മരമായിമാറി. എപ്പോഴും കാറ്റുവീശുന്ന കരിമ്പനകളും മരങ്ങളും നിറഞ്ഞതായിരുന്നു, ഖസാക്ക്. അവയ്ക്കുമുകളിൽ ആത്മാവുകൾ വിശ്രാന്തികൊണ്ടു. മൃതിയുടെ മുലപ്പാലുകുടിച്ച് ചില്ലകൾ പടർന്നുതിടംവച്ചു എന്നാണ് വിജയൻ എഴുതുന്നത്. മരങ്ങളുടെ ജീവിതത്തെ മനുഷ്യന്റെ ഏകാന്തതകളും ഹർഷങ്ങളും വിശ്വാസങ്ങളുമായി ബന്ധിപ്പിക്കുന്നതും മനുഷ്യാശ്രിതമല്ലാത്ത അസ്തിത്വം അവയ്ക്ക് നൽകുന്നതുമായ പഠനങ്ങൾ ആധുനികകാലത്ത് ഉണ്ടാവുന്നുണ്ട്. മനുഷ്യന്റെ പാരിസ്ഥിതികാവബോധവുമായി മാത്രം ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങളല്ല അതൊന്നും. മനുഷ്യനിർമ്മിതകാലസങ്കല്പങ്ങൾക്കു വിപരീതംനിൽക്കുന്നതാണ് 'വൃക്ഷസമയം' (tree time) എന്ന ചിന്ത മനുഷ്യവേഗങ്ങളെ മരവിപ്പിക്കുന്നതാണ്. മരവിപ്പ് എന്നാൽ ജഡതയും നിശ്ചലതയുമൊക്കെയാവുന്നത് മരങ്ങളെ മുൻനിർത്തി മനുഷ്യൻ സങ്കല്പിച്ചെടുത്ത അർത്ഥവിചാരങ്ങളിലാണ്. ഭാവികാലത്തെക്കുറിച്ച് ഉൽക്കണ്ഠകളോ ഭൂതകാലത്തെക്കുറിച്ച് ഖേദങ്ങളോ ഇല്ലാത്തതാണ് വൃക്ഷകാലം. മരങ്ങളുടെ സാമൂഹ്യജീവിതവും നിഗൂഢജീവിതവും കണ്ടെടുക്കുന്ന പഠനങ്ങൾ മനുഷ്യ/പ്രകൃതി ദ്വന്ദത്തിൽ നിന്നും കല്പനാലോകത്തുനിന്നും മരങ്ങൾക്ക് വിടുതി നൽകുന്നു.
മനുഷ്യരെയും മൃഗങ്ങളെയും അപേക്ഷിച്ച് ദീർഘകാലജീവിതം മരങ്ങൾക്കുണ്ട്. അവ വാർഷികവലയങ്ങളിലൂടെ കാലം അടയാളപ്പെടുത്തി വയ്ക്കുന്നു. അത് മനുഷ്യകാലവുമായി ഒത്തുപോകുന്നതുതന്നെയോ എന്നറിയില്ല. മരങ്ങൾ അവയുടെ അചരസ്വഭാവം കാരണം സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കൂടി ഓർമ്മയിലേക്കും ചരിത്രത്തിലേക്കും ആനയിക്കുന്നു. ഒരു സ്ഥലത്തെ നിജപ്പെടുത്താൻ വന്മരങ്ങൾക്ക് കഴിയും. അങ്ങനെയാണ് ആലിഞ്ചോടും മാവിഞ്ചോടും അയനി ച്ചോടുമൊക്കെ രൂപപ്പെടുന്നത്. പലപ്പോഴും അതിരുകളും കുടുംബനാമങ്ങളും സൃഷ്ടിക്കുന്നത് മരങ്ങളാണ്. അതിർത്തി നിർണ്ണയിക്കാൻ നട്ട മരങ്ങളുടെ വേരുകൾ അതിരുംഭേദിച്ച് കടന്നുപോയി. ചരിത്രവും ഓർമ്മകളും കഥകളും കൈമാറുന്ന, പാരമ്പര്യത്തിന്റെ വാഹകരായും ഒപ്പം ആധുനികതയ്ക്ക് അതിന്റെ കൊടികളും ഉച്ചഭാഷിണികളും സ്ഥാപിക്കാനുള്ള കൊമ്പുകളായും മരങ്ങൾ അനുവർത്തനം ചെയ്യപ്പെട്ടു. പിൽക്കാലത്ത് ഉച്ചഭാഷിണികളും അത് പുറപ്പെടുവിച്ച ഒച്ചകളും ചരിത്രത്തിന്റെ അടയാളങ്ങളായപ്പോൾ കണ്ടുംകേട്ടുംനിന്ന മരത്തിനും കൂട്ടത്തിലൊരിടം കിട്ടി. 'ഇ.എം.എസ്. ചാരിനിന്ന മര'വും ചരിത്രത്തിന്റെ ആഖ്യാനത്തിലിടംനേടി. മാനവചരിത്രത്തിലെ വരമൊഴിആഖ്യാനങ്ങൾക്ക് അടിസ്ഥാനമായ എഴുത്തോലയും കടലാസും മരങ്ങളുടെ ജീവിതത്തുടർച്ചകളാണ്. താളിന് ഇല എന്നും പുസ്തകത്തിന്റെ പേജ് എന്നും ഇരട്ടഅർത്ഥം നല്കി ഭാഷയിൽ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ആഹാരം, വസ്ത്രം, പാർപ്പിടം, സംഗീതം, ചിത്രകല, എഴുത്തുവിദ്യ, ഇന്ധനങ്ങൾ എന്നിവയെല്ലാം സസ്യജീവിതത്തിന്റെ പങ്കുപറ്റിയാണ് നിലനിൽക്കുന്നതെങ്കിൽ മരങ്ങളുടെ നിശ്ചലതയിലാണ് മനുഷ്യചലനങ്ങളുടെ കാരണം തിരയേണ്ടത്.
