രാഷ്ട്രീയശരി (Political Correctness) എന്ന സംജ്ഞ ഉത്തരാധുനിക കാലത്ത് രൂപപ്പെട്ട ഒന്നാണ്. ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലുമെന്ന പോലെ സിനിമയിലും രാഷ്ട്രീയ ശരിയെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം, സാഹിത്യം, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ ഈ കാഴ്ചപ്പാടിന്‍റെ സാന്നിധ്യം സജീവമായിരിക്കുകയാണ്. ഒരു വാക്ക് പ്രയോഗിക്കുമ്പോള്‍ പോലും അത് രാഷ്ട്രീയശരിയാല്‍ പരിശോധിക്കപ്പെടുന്നുണ്ട്. ദലിത്, ആദിവാസി സമൂഹങ്ങളുടെ ജീവിതവും അവരുടെ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന സിനിമകളും രാഷ്ട്രീയ കൃത്യതയാല്‍ വിമര്‍ശനത്തിന് വിധേയമാകുന്ന സന്ദര്‍ഭമാണിത്. അതിനാല്‍ ആദ്യകാല സിനിമകള്‍പോലും ഈ ആശയത്താല്‍ ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട്.
ഈ ലേഖനം പുതിയ കാലത്തിറങ്ങിയ ദലിത്, ആദിവാസി ജീവിതാവിഷ്കാരങ്ങളുടെ തുറസുകളെ എങ്ങനെയാണ് സിനിമയില്‍ ആവിഷ്കരിക്കുന്നത് എന്ന് പരിശോധിക്കുകയാണ്. രണ്ടായിരത്തിന് ശേഷം സിനിമയിലുണ്ടായ മാറ്റം ദലിത്, ആദിവാസി കര്‍തൃത്വത്തെ നാളിതുവരെയുള്ള കാഴ്ചപ്പാടില്‍നിന്നും വ്യത്യസ്തമായി അടയാളപ്പെടുത്തിത്തുടങ്ങി എന്നതാണ്. എന്താണ് ഇത്തരം സമൂഹങ്ങളുടെ കര്‍തൃത്വം എന്നചോദ്യമാണ് ഈ വ്യത്യസ്തതയെ അടയാളപ്പെടുത്തിയത്. എല്ലാ സിനിമകളുടെയും ഓരോ ദൃശ്യങ്ങളും ഡയലോഗുകളും ഇന്ന് രാഷ്ട്രീയശരികളെ മുന്‍നിര്‍ത്തി മാത്രമേ വിലയിരുത്താനാകു. സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്, അഭിപ്രായമുണ്ട് എന്ന ബോധ്യം അസ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന സമൂഹം തിരിച്ചറിഞ്ഞതോടെ ആര്‍ക്കും മറ്റൊരാളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനാകില്ല എന്നതിലേക്കുള്ള മാറ്റത്തിന് തുടക്കമായി. മലയാള സിനിമയിലും അതിന്‍റെ പ്രതിഫലനങ്ങളാണ് ഇന്ന് കാണാനാകുന്നത്.
ആരുടെ പ്രതിനിധാനം
