അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘസ്ഥായിയായിരുന്ന ഒരു ഖനനകമ്പനി, ഒരു കാലത്ത് വലിയൊരു സാമ്രാജ്യംപോലെ പടർന്നുകിടന്നിരുന്ന കമ്പനി, വടക്കൻ നെവാദയിലെ ബ്ളാക്ക്റോക്ക് മരുഭൂമിയിൽ പടുത്തിയർത്തിയിരുന്ന ടൗൺഷിപ്പിന്റെ പഴയഫോട്ടോഗ്രാഫുകൾ ഒരു ആർക്കൈവ് ശേഖരത്തിൽനിന്നെന്നപോലെ മുന്നിലേക്കെത്തുന്നു.
നേർത്ത സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫാക്ടറി, തൊഴിലാളികൾ, ബോർഡ്റൂമിനുള്ളിലിരുന്ന് ചർച്ചചെയ്യുന്നവരുടെ ദ്യശ്യങ്ങൾ. ജിപ്സംപരലുകളുടെ വെളുത്തകൂനകൾ. അവയ്ക്കുപിന്നിലായി കറുത്ത പർവ്വതനിരകൾ.
സ്വിമ്മിങ് പൂളിൽ ഉല്ലസിക്കുന്ന കുടുംബങ്ങൾ, കുർബാന കഴിഞ്ഞ് മടങ്ങിവരുന്നവരുടെ കൂട്ടങ്ങൾ, തിരക്കേറിയ കമ്പോളങ്ങൾ, ഗ്രാമർസ്കൂളിനുമുന്നിൽ കളികളിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ, ചിരിക്കുന്ന മുഖങ്ങൾ, ജീവൻസ്പന്ദിക്കുന്ന ഒരുസമൂഹത്തിന്റെ ഗതകാലചിത്രങ്ങൾ.
അവയ്ക്കിടയിൽനിന്നും വീടിനുമുന്നിൽ നിന്നുകൊണ്ട് ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന ഒരു സ്ത്രീയുടെ ചിത്രം തെളിഞ്ഞുവരുന്നു.
