ചെകുത്താന്റെ അടുക്കള

Cinema

ചെകുത്താന്റെ അടുക്കള


 

നുഷ്യമനസ്സിന് ബംഗാൾകടുവയെക്കാളും ശക്തിയുണ്ടെന്നും അതിനെ സൂക്ഷ്മരൂപത്തിൽ ഉപയോഗിച്ചാൽ കടുവയെപ്പോലും ചേർത്തുനിർത്താനാവുമെന്നും ലൈഫ് ഓഫ് പൈ (ആംഗ് ലീ-2012) എന്ന ചലച്ചിത്രം പറയുന്നുണ്ട്. താൻ യാത്ര ചെയ്ത കപ്പൽ തകരുകയും കടലിൽ റിച്ചാർഡ് പാർക്കർ എന്ന കടുവയുമായി ഒരു ബോട്ടിൽ ഒറ്റപ്പെടുകയും ചെയ്ത പൈ പട്ടേൽ എന്ന യുവാവിന്റെ അതിജീവനമാണ് ഈ സിനിമ. ആദ്യഘട്ടത്തിൽ കടുവ വന്യമായി പെരുമാറുന്നുണ്ടെങ്കിലും തുടർന്ന് കടുവ പൈയോടൊപ്പം ചേർന്ന് അതിജീവനത്തിന്റെ ഭാഗമാകുകയാണ്. ഇവിടെ കടുവയെന്നത് പൈയുടെയുള്ളിലെ ഭീതിയുടെ പ്രതീകംതന്നെയാണ്. കടുവയെ തന്റെതന്നെ ഭാഗമാക്കി മാറ്റുന്നതോടെയാണ് പൈക്ക് അതിജീവനം സാധ്യമാകുന്നത്. പ്രകൃതി പ്രതിഭാസങ്ങളെ അപരമായി കാണുന്ന അവസ്ഥ മനുഷ്യസമൂഹത്തിന് ദുരന്തമാകുമെന്ന തിരിച്ചറിവും ഇതിൽനിന്ന് വായിക്കാം. എന്നാലും അടിസ്ഥാനപരമായി അതിജീവനമെന്നത് മാനസികമാണെന്ന് ഉറപ്പിക്കുന്ന പാഠംതന്നെയാണ് പൈ പറയുന്നത്. ഇങ്ങനെയുള്ള അതിജീവനഗാഥകൾ (Survival stories) മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ജീവിതസംഘർഷങ്ങളും അധികാരബലതന്ത്രങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും കൂടുമ്പോഴാണ് ഇത്തരം അതിജീവന ഗാഥകൾ കൂടുതലായി ഉണ്ടാകുന്നത്.

അടുത്തിടെ ജനപ്രീതിനേടിയ 'ഭ്രമയുഗ'വും 'മഞ്ഞുമ്മൽ ബോയ്‌സും' 'ആടുജീവിത'വും ഒരു പരിധിവരെ 'പ്രേമലു'വും അതിജീവനഗാഥകൾതന്നെയാണ്. എവിടെയോ അകപ്പെട്ടിരിക്കുന്നുവെന്നും വളരെ സൂക്ഷ്മവും ചടുലവുമായ മനഃശാസ്ത്രതന്ത്രങ്ങൾവഴി മാത്രമേ ഇതിൽനിന്ന് പുറത്തുകടക്കാൻ സാധിക്കൂവെന്നുമാണ് ഇത്തരം ചലച്ചിത്രങ്ങൾ പറയുന്നത്. കൊറോണയും വെള്ളപ്പൊക്കവും വരൾച്ചയുമെല്ലാം ചേർന്ന അസന്തുലിതാവസ്ഥയാണ് ഈ 'അകപ്പെട'ലെന്ന ആവിഷ്‌കാരത്തിന്റെ കാരണം. കൊറോണയ്ക്കും വെള്ളപ്പൊക്കത്തിനുമെല്ലാം ശേഷം മലയാളിയുടെ വിഷാദവും ഉത്കണ്ഠയും കൂടിയെന്നുള്ളതും യാഥാർത്ഥ്യമാണ്. വിഷാദത്തിനോടുള്ള മലയാളിയുടെ ആഭിമുഖ്യത്തെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുമുണ്ട്. ഈ അടിസ്ഥാന വിഷാദഭാവത്തോടൊപ്പം ഈയൊരു അകപ്പെടൽ മനോനിലയുംകൂടി ചേർന്നതോടെയാണ് ഡിപ്രഷൻ ഇവിടെ സാധാരണമാകുന്നത്. ഈ ഡിപ്രസീവ് മൈന്റ്‌സെറ്റിനെ നിഗൂഢമായി ആവിഷ്‌കരിച്ച് പ്രതീകാത്മകമായ മുക്തി തേടുന്ന ഒരു അബോധമനസ്സ് ഈ സിനിമകളിലെല്ലാമുണ്ട്. ഈ മുക്തിയാണ് സർവൈവൽ എന്ന നിലയിൽ ഈ സിനിമകൾ കാണിക്കുന്നത്. ഈ കാഴ്ചകളിലേക്കു മലയാളമനസ്സ് അസാധാരണമായി ഇഴുകിച്ചേർന്നതിന്റെ കാരണവും മറ്റൊന്നല്ല.


Related Articles