സമൂഹമാധ്യമങ്ങൾ സ്വയം റിപ്പബ്ലിക്കുകളായി മാറുന്ന വർത്തമാനകാലത്ത് വ്യക്തിയുടെ സ്വകാര്യതയും അഭിരുചികളും വെല്ലുവിളി നേരിടുകയും പൊതുവിചാരണയ്ക്ക് വിധേയമാവുകയും ചെയ്യുന്നുവെന്നത് വസ്തുതയാണ്. സമൂഹത്തിലെ പ്രബലവും വ്യവസ്ഥാപിതവുമായ അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാനും, പാർശ്വവൽകൃതസമൂഹങ്ങൾ നേരിടുന്ന ചൂഷണങ്ങളെ ജനാധിപത്യപരമായ സംവാദങ്ങളുടെ ഭാഗമാക്കാനും കഴിയുന്നതരത്തിൽ അത് വികസിച്ചത് ഗുണപരമായ മാറ്റമാണ്. അമേരിക്കയുൾപ്പെ ടെയുള്ള വികസിത രാജ്യങ്ങളിൽ ഉയർന്നുവരികയും പിന്നീട് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടരുകയും ചെയ്ത മീ ടു (Me Too) കാമ്പയിനുകൾക്കൊക്കെ നമ്മുടെ സാമൂഹിക- ലൈംഗികബന്ധങ്ങളിലെ അധികാരത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിർവചനങ്ങളിലേക്കും വിശകലനങ്ങളിലേക്കും കടക്കാൻ നിർബന്ധിക്കപ്പെട്ടുവെന്നും പറയാം.
ലൈംഗിക- ലിംഗസംവാദങ്ങൾക്ക് ചലനാത്മകമായ ദൃശ്യത കൈവരിച്ചതിൽ ഇത്തരം കാമ്പയിനുകൾക്കും സോഷ്യൽ മീഡിയ ചർച്ചകൾക്കും ഗൗരവമായ പങ്കുണ്ടെന്ന കാര്യവും നിഷേധിക്കാനാവില്ല. പക്ഷെ, എല്ലാത്തരം ചർച്ചകളെയും നിർണ്ണയിക്കുന്ന യോജിപ്പും വിയോജിപ്പുകളും ഇക്കാര്യത്തിലുമുണ്ടെങ്കിലും അവയ്ക്ക് കിട്ടുന്ന പ്രാമാണികതയും അദൃശ്യതയും പഴയ അധികാരമേഖലയെ നിർലജ്ജമായി ഉറപ്പിക്കുന്നതാണെന്ന് കാണാം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തി' എന്ന സിനിമയുടെ പ്രചരണത്തിനുവേണ്ടിയുള്ള പത്രസമ്മേളനവും അതിൽ നടൻ വിനായകൻ നടത്തിയ 'പ്രകോപന'പരമായ പ്രസ്താവനകളും അതിനെ തുടർന്നുണ്ടായ ചർച്ചകളും ഇക്കാര്യങ്ങൾ വിശദീകരിക്കാനുള്ള സന്ദർഭമായി മാറിയെന്നതാണ് വസ്തുത.
അഭിമുഖത്തിന്റെ രാഷ്ട്രീയം
