ഓർമ്മകളുടെ സൗണ്ട്  സ്‌കെയ്പ്പ്

Cinema

ഓർമ്മകളുടെ സൗണ്ട് സ്‌കെയ്പ്പ്


കാലത്തിനും ദേശത്തിനുമപ്പുറത്തുള്ളവരുടെ അനുഭവങ്ങളും അവയുടെ ഓർമ്മകളുമായി ജീവിക്കുക. ഭൂത-വർത്തമാനങ്ങൾക്കിടയിൽ സഞ്ചരിക്കുക. പതിവ് സിനിമാകാഴ്ചകൾക്കപ്പുറം തികച്ചും വ്യക്തിപരമായ അനുഭവങ്ങളാവുന്ന, പ്രശസ്ത തായ് ചലച്ചിത്രകാരൻ അപ്പിച്ചാത്‌പോങ്ങിന്റെ പുതിയ ചിത്രം 'മെമോറിയ-(Memoria) അദ്ദേഹത്തിന്റെ മുൻകാലചിത്രങ്ങളിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ്. തായ്‌ലൻഡിലെ സ്വതന്ത്രസിനിമയിൽ, വർത്തമാനവും ഭൂതകാലവും ഇഴപിരിക്കാനാകാത്ത വിധം ചേർന്ന് നിൽക്കുന്ന നിരവധി സിനിമകൾ നിർമ്മിച്ച, ലോക പ്രശസ്തനായൊരു ഇൻസ്റ്റലേഷൻ കലാകാരൻകൂടിയാണ് അപ്പിച്ചാത്‌പോങ്ങ് വീരസേതകൾ (Apichatpong Weerasethakul). 2010 ലെ പാം ദി ഓർ ചിത്രം 'അങ്കിൾ ബൂമെ ഹു കേൻ റികോൾ ഹിസ് പാസ്റ്റ് ലൈവ്‌സ്' (Uncle Boome Recalls His Past Lives) സംവിധാനം ചെയ്ത് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടി, പതിനൊന്ന് വർഷത്തിനുശേഷം മറ്റൊരു സവിശേഷ കാഴ്ചാനുഭവമായി ലോകചലച്ചിത്ര രംഗത്തെത്തിയിരിക്കുന്നു അദ്ദേഹം. 2021 കാൻ ചലച്ചിത്ര മേളയിൽ ജൂറി പ്രൈസടക്കം നിരവധി അംഗീകരങ്ങൾ നേടി, ലോകം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന 'മെമോറിയ' അപ്പിച്ചാത്‌പോങ്ങ്, സ്വന്തം നാടായ തായ് ലാൻഡിനു പുറത്ത് നിർമ്മിക്കുന്ന ആദ്യത്തെ ചിത്രവും അദ്ദേഹത്തിന്റെ ആദ്യ ഇംഗ്ലീഷ്ഭാഷാ സിനിമയുമാണ്. ഒരു റോഡ് ഷോ പോലെ, അമേരിക്കയിൽ ഒരു പ്രാവശ്യം ഒരു പ്രദർശനം മാത്രം നടത്തുന്ന ചിത്രമെന്നൊരു സവിശേഷതയും മെമോറിയയ്ക്കുണ്ട്.

സംവിധായകന് ഏറെ പ്രിയപ്പെട്ട ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിലെ കൊളംബിയയിൽ വെച്ച് നിർമ്മിച്ച ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ജെസ്സീക്കയുടെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്ത് പ്രസിദ്ധ നടി ടിൽഡ സ്വിന്റണാ (Twilda Swinton)ണ്. താൻ ബാല്യകാലത്ത് വായിച്ചാസ്വദിച്ച ആമസോൺ കാടുകളിലെ കഥകളിലെ ഫാന്റസിയുടേയും സാഹസികതയുടേയും ലോകത്തിലേക്ക് അപ്പിച്ചാത്‌പോങ്ങിന്റെ സിനിമയിലൂടെയുള്ള സഞ്ചാരമാണ് മെമോറിയ. 2017-ൽ യിലെകാർതെഹാന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കൊളംബിയയി ലെത്തിയ അദ്ദേഹം, തന്റെ അടുത്ത ചിത്രം അവിടെ വെച്ച് നിർമ്മിക്കാൻ അന്നുതന്നെ തീരുമാനിച്ചിരുന്നു. അവിടം സന്ദർശിക്കുന്നതിനു തൊട്ട് മുമ്പ് അദ്ദേഹത്തെ ഒരു പ്രത്യേക തരം മാനസിക അസുഖം ബാധിച്ചിരുന്നു. എക്‌സ്പ്‌ളോഡിങ്ങ് ഹെഡ് സിൻഡ്രോം (Exploding Head Syndrome) എന്ന ഈ അപൂർവ്വ രോഗമുള്ളവർക്ക് ഇടയ്ക്കിടെ അസാധാരണമായ ശബ്ദം കേൾക്കുന്നതായി തോന്നും. കാലത്ത് ഉറക്കമെഴുന്നേൽന്നതിനു തൊട്ട് മുമ്പ് 'കേൾക്കുന്ന' ഈ ശബ്ദങ്ങൾ കൊളംബിയയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപ്പിച്ചാത്‌പോങ്ങിനു ആദ്യമായി അനുഭവപ്പെടുന്നത്. കൊളംബിയയിലെ ബൊഗോട്ടയിൽ രണ്ട് മാസം താമസിച്ച അദ്ദേഹം അവിടത്തെ സാംസ്‌കാരിക സംഘടന Más Arte Más Acciónന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. അക്കാലത്താണ് മെമോറിയയുടെ ആശയം അപ്പിച്ചാത് പോങ്ങിന്റെ മനസ്സിൽ രൂപമെടുക്കുന്നത്. കൊളംബിയയിൽ വെച്ചുതന്നെ അത് നിർമ്മിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. എക്‌സ്പ്‌ളോ ഡിങ്ങ് ഹെഡ് സിൻഡ്രോം അനുഭവങ്ങൾ തുടർച്ചയായി നേരിട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്, അക്കാലത്ത് ദിവസങ്ങളോളം ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല. ഉറക്കവും സ്വപ്നങ്ങളും ഏറ്റവും ആവശ്യമുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളി തന്നെയാണ്. അപ്പിച്ചാത് പോങ്ങ് അതിങ്ങിനെയാണോർമ്മിക്കുന്നത്: ''ഇന്ന് രാവിലെ ഞാൻ വെടിയൊച്ച പോലുള്ള ഒരു ശബ്ദം കേട്ടു. അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. പല രാജ്യങ്ങളിലെ കിടക്കകളിൽ കിടക്കുന്നതായി എനിക്ക് തോന്നി. എന്റെ തലച്ചോറിൽ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. എനിക്ക് ആ അപൂർവ്വ ശബ്ദത്തിലുള്ള താൽപ്പര്യം കൂടിക്കൊണ്ടിരുന്നു. പലപ്പോഴും പുലർകാലത്തും ചിലപ്പോൾ സ്വപ്നങ്ങളിലും അവ ഞാൻ കേട്ടുകൊണ്ടേയിരുന്നു. ആ ഭൂതകാലശബ്ദങ്ങൾ ഒരു ബാധപോലെ എന്നെ പിന്തുടർന്നു.''


Related Articles