"Maps make reality as much as they represent it."
Jeremy V. Crampton
"Just as none of us is outside or beyond geography, none of us is completely free from the struggle over geography. That struggle is complex and interesting because it is not only about soldiers and cannons but also about ideas, about form, about images and imaginings."
Edward W. Said
ഭൂമിശാസ്ത്രം ഒരു വൈജ്ഞാനിക മേഖലയായി രൂപപ്പെട്ടതാണ് പാശ്ചാത്യഅധിനിവേശം കിഴക്കൻ നാടുകളിൽ ശക്തമായതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാർ പറയുന്നത്. ഒരു നാടിന്റെ മണ്ണ്, പ്രകൃതി, കാലാവസ്ഥ തുടങ്ങിയ ഭൂമിശാസ്ത്രപരമായ അറിവുകൾകൂടി ശേഖരിച്ചുകൊണ്ടാണ് കൊളോണിയൽ ഭരണകൂടങ്ങളുടെ ഔദ്യോഗിക നയപരിപാടിയായ പൗരസ്ത്യവാദ ദർശനം (orientalism) രൂപപ്പെടുത്തിയത്. കോളനിവാഴ്ചയുടെ തകർച്ചയ്ക്കു ശേഷം അപകോളനീകരണ പ്രക്രിയയുടെ ഭാഗമായി തദ്ദേശീയരായ എഴുത്തുകാരും ചിന്തകരും സാമാന്യജനങ്ങൾക്കൊപ്പം ചേർന്ന് തങ്ങളുടെ സാസ്കാരിക പാരമ്പര്യം വീണ്ടെടുത്തു തുടങ്ങിയപ്പോൾ പൗരസ്ത്യവാദ ദർശനങ്ങൾ അപ്രസക്തമാകുന്നുവെന്ന ധാരണയുണ്ടായി. എന്നാൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും പൗരസ്ത്യവാദം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്. പുതുപൗരസ്ത്യവാദം (re-orientalism) എന്നാണ് കമ്പോള മുതലാളിത്തത്തിന്റെ അധിനിവേശ താത്പര്യങ്ങളെ ഉൾക്കൊള്ളുന്ന ഇത്തരം സാംസ്കാരിക വ്യവഹാരങ്ങളെ വിമർശകർ മനസ്സിലാക്കുന്നത്.
പൗരസ്ത്യവാദം കിഴക്കിനെക്കുറിച്ചു പടിഞ്ഞാറിന്റെ അറിവായിരുന്നെങ്കിൽ പുതുപൗരസ്ത്യവാദം കിഴക്കിനെക്കുറിച്ചു കിഴക്കുവാസികൾതന്നെ നടത്തുന്ന അബദ്ധപ്രതിനിധാനങ്ങളെയും വികല ചിത്രങ്ങളെയും സൂചിപ്പിക്കുന്നു. Re-orientalism differs from Orientalism in its manner of and reasons for referencing the West: while challenging the metanarratives of Orientalism, re-orientalism sets up alternative metanarratives of its own in order to articulate eastern identities, simultaneously deconstructing and reinforcing orientalism. ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽനിന്നും സമീപകാലത്തു പുറത്തിറങ്ങുന്ന സാഹിത്യത്തിലും സിനിമയിലും പുതുപൗരസ്ത്യവാദം വളരെ പ്രകടമായി കാണാമെന്നാണ് സാംസ്കാരിക വിമർശകർ പറയുന്നത്.
