വിട, പ്രിയ 'ഉച്ചപ്പട' നായകാ..

Cinema

വിട, പ്രിയ 'ഉച്ചപ്പട' നായകാ..


"ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് കലാമൂല്യമുളള ഒട്ടനേകം വിദേശചിത്രങ്ങൾ കണ്ടിരുന്നു. കുറച്ചൊക്കെ ആ ജനുസ്സിൽപ്പെടുന്ന ചിത്രമായിരുന്നു സംഘഗാനവും. തുടർന്നും അത്തരം ചിത്രങ്ങളിലേ അഭിനയിക്കൂ എന്നു തീരുമാനിച്ചു. പക്ഷേ, മാസങ്ങളോളമുള്ള വെറുതെയിരിപ്പായിരുന്നു ഫലം. 'ഉച്ചപ്പട'നായകൻ അസ്‌തമിക്കുമെന്നായപ്പോൾ കച്ചവടസിനിമയിൽ എത്തിപ്പെടുകയായിരുന്നു. നിരന്തരമായി അഭിനയിക്കുകയെന്നതായിരുന്നു ആഗ്രഹം."

1970-കളുടെ രണ്ടാം പകുതിയില്‍ നിരന്തരമായി അഭിനയിക്കാന്‍ ആഗ്രഹിച്ചു സിനിമയിലെത്തുകയും പിന്നീട് ധാരമാറിയെങ്കിലും അഭിനേതാവെന്ന നിലയില്‍ 1976 മുതല്‍ 2018 വരെ ഏത് കള്ളിയില്‍ പെടുത്താവുന്ന കഥാപാത്രങ്ങളെയും അനായാസം അഭിനയിച്ചു ഫലിപ്പിച്ച ശ്രീനിവാസന്‍ എന്ന നടനോട് നാം നീതി ചെയ്തോ? 1969-ല്‍ ആരംഭിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരമെന്ന ഔദ്യോഗിക അംഗീകാര പട്ടം നടന്‍ എന്ന നിലയില്‍ ശ്രീനിവാസനെ തേടിയെത്തിയത് ഒരു തവണ മാത്രം. അതും പ്രത്യേക ജൂറി അവാര്‍ഡ്. 2006-ല്‍ അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ടയിലെ ചക്രപാണി എന്ന തെരുവ് ജീവിയുടെ കഥാപാത്രത്തിന്.

മലയാള സിനിമയില്‍ നവതരംഗത്തിന്റെ പുതിയ പ്രവാഹം ആരംഭിച്ച കാലത്ത് മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാനെത്തിയതാണ് ശ്രീനിവാസന്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വയംവരമെടുത്തു ശോഭിച്ചു നില്‍ക്കുന്ന കാലമായിരുന്നല്ലോ അത്. സിനിമ കോളേജില്‍ പോയി പഠിക്കേണ്ട വിഷയമാണ് എന്ന് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഗ്രാമീണനായ ശ്രീനിക്ക് തോന്നിയത് അങ്ങനെയായിരിക്കാം. കൂടാതെ പൂനെയില്‍ അഭിനയം പഠിച്ച നാട്ടുകാരനായ പ്രഭാകരന്‍ സാര്‍ മദിരാശിയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനാണ്.


Related Articles