“മോഹം നൽകും തേൻകനി വാങ്ങുമ്പോൾ
കാലം എന്നും കാവൽ നിൽക്കുമോ?”*
'രാമന്റെ ഏദൻതോട്ടം' എന്ന ശീർഷകത്തിലെ വൈരുദ്ധ്യം ശ്രദ്ധിക്കുക. രാമൻ, ഏദൻതോട്ടം എന്നീ വാക്കുകൾ സാമാന്യ വ്യവഹാരത്തിൽ ഉല്പാദിപ്പിക്കുന്ന പുരാണ, മത സൂചനകൾ കാണാതിരുന്നുകൂടാ. ദശരഥപുത്രനായ രാമൻ, സീതയുടെ/സ്ത്രീയുടെ/ഭാര്യയുടെ ചാരിത്ര്യശുദ്ധിയിൽ അപവാദമുണ്ടായപ്പോഴാണ് അവരെ ഉപേക്ഷിക്കുന്നത്. ഗർഭിണിയായിരുന്നിട്ടും, വ്യക്തിയെന്ന നിലയിലപ്പുറം ഭരണാധികാരി എന്ന നിലയിലായിരുന്നു ആ ഉപേക്ഷിക്കലെന്ന് അതിനെ ന്യായീകരിക്കാമെങ്കിലും അതിനുള്ള ഏകകാരണം സ്ത്രീയുടെ/സീതയുടെ ചാരിത്ര്യശുദ്ധിയും അതുമായി ബന്ധപ്പെട്ട അപവാദപ്രചരണവുമാണ്.
ഏദൻതോട്ടം രാമന്റെയല്ല. അത് ക്രിസ്തുമത വിശ്വാസപ്രകാരം ആദിപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും വിലാസഭൂമിയാണ്. മനുഷ്യരുടെ സ്വർഗ്ഗ സങ്കല്പത്തിന്റെ ഉദാത്ത മാതൃക. വിലക്കപ്പെട്ട കനി കഴിച്ച ആദത്തിനും അത് കഴിപ്പിച്ച ഹവ്വയ്ക്കും പ്രലോഭിപ്പിച്ച സർപ്പത്തിനും യഹോവ കൊടുത്ത ശാപം തിരസ്കരണത്തിന്റെയും ബഹിഷ്കരണത്തിന്റെയുമാണ്. പ്രശാന്ത സുന്ദരമായ, സർവ്വവിധ സുഖങ്ങൾക്കും സൗഭാഗ്യങ്ങൾക്കും നിദാനമായ, അമ്മയുടെ ഗർഭപാത്രം പോലെ സുരക്ഷിതമായ ഒരു സ്ഥലത്തു നിന്ന് അതൊന്നുമില്ലാത്ത മറ്റൊരു സ്ഥലത്തേക്കുള്ള പുറന്തള്ളൽ. ‘വിലക്കപ്പെട്ട കനി’ സാമാന്യാർത്ഥത്തിൽ കാണുന്ന വെറുമൊരുപഴമല്ല. പ്രലോഭനത്തിന്റെ മാധുര്യവും ആകർഷണവും സംഘർഷവും കുറ്റബോധവും പാപബോധവും അതിന്റെ ഉൾക്കാമ്പിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് “മോഹം നൽകും തേൻകനി വാങ്ങുമ്പോൾ കാലം എന്നും കാവൽ നിൽക്കുമോ?”എന്ന് കവിക്ക് സംശയിക്കേണ്ടിവരുന്നത്. സത്യത്തിൽ അത് സംശയമല്ല, തീർപ്പാണ്. കാലം ഒരിക്കലും കാവൽ നിൽക്കില്ലെന്ന് കവിക്കറിയാം. നമുക്കുമറിയാം. എന്നിരുന്നാലും പ്രലോഭനങ്ങളുടെ തേൻ കനിയുപേക്ഷിക്കാൻ മനുഷ്യരെന്നും അശക്തരാണ്.
