ആവിഷ്‌കാര സ്വാതന്ത്രമില്ലാത്ത, കർശനമായ സെൻസർഷിപ്പ് നിലനിൽക്കുന്ന ഒരു രാജ്യത്ത് എങ്ങനെയാണ് ഒരാൾ സിനിമയുണ്ടാക്കുക? പ്രതീകങ്ങളിലൂടെയോ അന്യാപദേശ കഥകളുടെ രൂപത്തിലോ, അധികൃതരുടെ കണ്ണിൽപ്പെടാത്ത രീതിയിലോ, കണ്ണുവെട്ടിക്കുന്ന രീതിയിലോ ഒക്കെ ആയിരിക്കും അവരുടെ സിനിമകൾ. സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഇത്തരം പല ഉദാഹരണങ്ങളും കണ്ടെത്താനാകും. ലോകസിനിമയുടെ ഭൂപടത്തിൽ വലിയ സ്ഥാനം കരസ്ഥമാക്കിയ ഇറാനിൽനിന്നുള്ള സിനിമകൾ സമകാലിക അവസ്ഥയിൽ ഇതിന്റെ ഉദാഹരണങ്ങളാണ്. തിരക്കഥ മുതൽ വിതരണം വരെ ഗവൺമെൻറിന്റെ ശക്തമായ നിയന്ത്രണത്തിലും കടുത്ത സെൻസർ നിയമങ്ങൾക്കും അകത്തു നിന്നുകൊണ്ടാണ് ഇറാനിൽ സിനിമകൾ ഉണ്ടാകുന്നത്. ഈ നിയമങ്ങൾക്ക് അനുസരിച്ച സിനിമകൾ ഉണ്ടാക്കുക. അപ്പോൾ ഈ സിനിമകൾക്ക് പ്രദർശനാനുമതി കിട്ടും. അതേ സമയം തങ്ങൾക്ക് പറയാനുള്ള വ്യവസ്ഥാപിതമല്ലാത്ത കാര്യങ്ങൾ ഈ നിയന്ത്രണങ്ങൾക്ക് അകത്തു നിന്നുകൊണ്ട് എങ്ങനെയാണ് പ്രേക്ഷകരെ അറിയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഇക്കാര്യം വളരെ വിദഗ്ധമായി മറികടക്കുന്നവരാണ് ഇറാനിൽനിന്നുള്ള പല സംവിധായകരും. നേരിട്ട് പറയാതെ പരോക്ഷമായി സൂചിപ്പിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. പറയാതെ പറയുക, കാണിക്കാതെ കാണിക്കുക എന്ന രീതി. ഒഴിവാക്കുന്നതിലൂടെ നേടുക എന്ന വഴി.
എന്നാൽ ഒരു സംവിധായകന് സ്വന്തം രാജ്യത്ത് സിനിമ ഉണ്ടാക്കുന്നതിന് വിലക്ക് കൽപ്പിക്കപ്പെട്ടാൽ അയാൾ പിന്നെ എന്താണ് ചെയ്യുക? മറ്റ് രാജ്യങ്ങളിലേക്ക് പോയി സിനിമകൾ ഉണ്ടാക്കുക എന്നതാണ് ഒരു വഴി. എന്നാൽ പ്രശസ്ത ഇറാനിയൻ സംവിധായകനായ ജാഫർ പനാഹിക്ക് അതിനും കഴിയില്ല. കാരണം അദ്ദേഹത്തിന് രാജ്യം വിടുന്നതിൽനിന്നും വിലക്കുണ്ട്. വ്യവസ്ഥിതിക്കെതിരെ പ്രചാരണം നടത്തിയെന്നും രാജ്യത്തിന്റെ സുരക്ഷക്കെതിരെ പ്രവർത്തിച്ചുവെന്നും കുറ്റം ചുമത്തി 2010 ൽ ഇറാനിലെ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജയിൽ മോചിതനായ അദ്ദേഹത്തെ പിന്നീട് വീട്ടു തടങ്കലിലാക്കി. ഇരുപതു വർഷം സിനിമയുണ്ടാക്കുന്നതിൽ നിന്നും, മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിൽനിന്നും, രാജ്യം വിടുന്നതിൽനിന്നും അധികൃതർ അദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്.
തടവറയുടെ ഇടുക്കിൽനിന്ന് പനാഹി അൽപ്പം വിശാലമായ വീട്ടുതടങ്കലിലേക്ക് മാറ്റപ്പെട്ടു എന്ന വ്യത്യാസം മാത്രം. അദ്ദേഹത്തിന് സിനിമയുണ്ടാക്കാൻ കഴിയില്ല. പനാഹി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നു: 'ഞാനൊരു സിനിമാക്കാരനാണ്. സിനിമയുണ്ടാക്കുകയല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല. സിനിമ എന്റെ പ്രകാശനവും ജീവിതത്തിന്റെ അർത്ഥവുമാണ്. എന്നാൽ ഇനിയുള്ള കുറേക്കാലം എനിക്ക് സിനിമയുണ്ടാക്കാൻ പറ്റില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ സ്വപ്നങ്ങൾ കാണുന്നതിൽ വിലക്കുകൾ ഇല്ലല്ലോ. ഭാവനയിൽ എന്റെ സ്വപ്നങ്ങളെ ഞാൻ സിനിമകളാക്കി മാറ്റും.'
