"I want to do something that opens the mind and gives a new vision of reality, to give something to you. A new way to see life." -- Alejandro Jodorowsky
സിനിമ എന്ന മാധ്യമം അടിമുടി മാറിയ ഇക്കാലത്തും ചില പഴയകാല സിനിമകൾ നമ്മെ വല്ലാതെ ആകർഷിക്കുന്നു. അത്തരത്തിലുള്ള ഒരു സിനിമയാണ് 'ഹോളി മൗണ്ടൻ'. അലെജാൻഡ്രോ ജോഡൊറോവസ്‌കി ഏതാണ്ട് നാൽപ്പതു വർഷം മുമ്പ് സംവിധാനം ചെയ്ത ഈ സിനിമ സിനിമയുടെ വസന്തകാലത്തെ ഓർമ്മിപ്പിക്കുന്നു. സിനിമയുടെ ക്രിയാത്മക സാധ്യതകളെ ഓർമ്മിപ്പിക്കുന്നു.
സർക്കസ് കോമാളി, പാവകളിക്കാരൻ, മൈം കലാകാരൻ, നാടകകാരൻ, കോമിക് എഴുത്തുകാരൻ, ടാരോ റീഡർ, മനോരോഗ ചികിത്സകൻ, മത ആത്മീയ തത്ത്വസംഹിതാ ജ്ഞാനി (ഇത്തരം കാര്യങ്ങളുടെ പ്രായോഗികാനുഭവം ഉള്ളയാൾ), സിനിമാ സംവിധായകൻ. ജോഡൊറോവ്‌സ്‌കിയെ എങ്ങിനെയാണ് വിശേഷിപ്പിക്കുക? ഒരു ബഹുമുഖ പ്രതിഭ? നാട്ടുനടപ്പ് അനുസരിച്ചുള്ള അർത്ഥത്തിൽ ഈ വിശേഷണം അദ്ദേഹത്തിന് ചേരുമെങ്കിലും ഇതിലും കൂടുതൽ വിശേഷണപദങ്ങൾകൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക ചട്ടക്കൂട്ടിൽ ഒതുക്കാൻ കഴിയാത്ത, വന്യവും വിചിത്രവുമായ ഭാവനയാൽ നമ്മെ പ്രകോപിപ്പിക്കുന്ന ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം എന്നു തോന്നുന്നു.
