പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാൻ ലുക് ഗൊദാർദിന്റെ സിനിമകളിൽ ഉപഭോഗ സംസ്‌കാരം, സ്ത്രീ, വ്യഭിചാരം എന്നീ വിഷയങ്ങൾ അടിക്കടി കടന്നു വരുന്നതായി കാണാം. ഈ വിഷയങ്ങളെ സാമൂഹ്യ രാഷ്ട്രീയപരമായി അപഗ്രഥിക്കുകയാണ് അദ്ദേഹം തന്റെ സിനിമകളിലൂടെ.
നമ്മുടെ സിനിമകളിലും, പ്രത്യേകിച്ച് ന്യൂ ജനറേഷൻ സിനിമകളിൽ, മാളുകളും സൂപ്പർ മാർക്കറ്റുകളും കൺസ്യൂമർ ഉത്പന്നങ്ങളും ഇപ്പോൾ ധാരാളമായി കടന്നുവരുന്നതു കാണാം. ചില സിനിമകളിൽ സൂപ്പർ മാർക്കറ്റുകൾ ഗാനനൃത്ത രംഗങ്ങൾക്കുള്ള പശ്ചാത്തലമാണെങ്കിൽ മറ്റു ചിലതിൽ സംഘട്ടന രംഗങ്ങൾക്കുള്ള പശ്ചാത്തലമാണ്. മറ്റു ചില സിനിമകളിൽ പശ്ചാത്തലത്തിൽ കൺസ്യൂമർ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം, പ്രത്യേകിച്ച് ഗാനനൃത്ത രംഗങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ. ഇതിലൂടെ പലതരം ബ്രാൻറുകളുടെയും, മാളുകളുടെയും, ജ്വല്ലറി, വസ്ത്ര (അതുപോലെ പല) സ്ഥാപനങ്ങളുടെയും പ്രൊമോഷൻകൂടി നടക്കുന്നു. അത് ബോധപൂർവംതന്നെയാണ്. കാരണം, മാളുടമകളും, ജ്വല്ലറിവസ്ത്ര നിർമാണ കമ്പനികളും സിനിമാ നിർമാതാക്കളാകുന്ന സാഹചര്യത്തിൽ അവരുടെ താത്പര്യങ്ങളെ പ്രത്യക്ഷതാ തന്നെ സംരക്ഷിക്കപ്പെടേണ്ടത് സിനിമയുടെ ആവശ്യമായി വരുന്നു. പ്രശസ്ത റെഡിമെയ്ഡ് വസ്ത്രനിർമ്മാതാക്കൾ സിനിമയിൽ കാശിറക്കുമ്പോൾ നായകനും നായികയും സിനിമയിൽ ധരിച്ചിരിക്കുന്നത് അവരുടെ ബ്രാൻഡ് ആണെന്ന് ടൈറ്റിലിൽ മാത്രമല്ല, പോസ്റ്ററിലും, പരസ്യങ്ങളിലും പരസ്യപ്പെടുത്തുന്നു.
ഇതുപോലെ വ്യഭിചാരവും നമ്മുടെ പല സിനിമകൾക്കും വിഷയമായിട്ടുണ്ട്. എന്നാൽ നമ്മുടെ ജനങ്ങൾക്ക് / പ്രേക്ഷകർക്ക് ഒരു നിഷിദ്ധ മേഖലയായ വ്യഭിചാരം പലപ്പോഴും ഒരു കൗതുകം, ആകാംക്ഷ അല്ലെങ്കിൽ ലൈംഗികത / നഗ്‌നത കാണിക്കാനുള്ള അവസരം, അതുമല്ലെങ്കിൽ സഹതാപമോ വൈകാരികതയോ ഉണ്ടാക്കാനുള്ള അവസരമൊക്കെയായാണ് പൊതുവേ സിനിമയിൽ ഉപയോഗിക്കുന്നത്. അതുപോലെ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളും നമുക്കുണ്ട്. എന്നാൽ സ്ത്രീകളെ വാർപ്പ് മാതൃകകളായോ, അല്ലെങ്കിൽ ഹീറോയിസം കാണിക്കാനോ ആണ് ഒരു ഭാഗത്ത് ഈ കഥാപാത്രങ്ങളിലൂടെ ശ്രമിക്കുന്നത്. മറ്റൊരു ഭാഗത്ത് സ്ത്രീകളെ പുരോഗമനാത്മകം എന്ന രീതിയിൽ ചിത്രീകരിച്ചുകൊണ്ട് ഉള്ളിൽ കടുത്ത സ്ത്രീവിരുദ്ധത ഒളിപ്പിച്ചു വെക്കുന്ന സിനിമകളാണ്.
