സിനിമാപ്പാട്ട്

Cinema

സിനിമാപ്പാട്ട്


സിനിമാ സംവിധായകൻ ഒരു ശാസ്ത്രീയ സംഗീത വിദ്വാൻ ആയിരിക്കണമോ? നമ്മുടെ മുഖ്യധാരാ സിനിമയുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുമ്പോൾ സംവിധായകൻ അത്തരത്തിലുള്ള ആൾ ആയിരിക്കണം എന്നാണ് വെപ്പ്. അല്ലെങ്കിൽ സംഗീത സംവിധായകൻ തീർച്ചയായും ഒരു ശാസ്ത്രീയ സംഗീതജ്ഞൻ ആയിരിക്കണം. ഇത് നമ്മുടെ സിനിമകളിലെ ഗാനങ്ങൾ, സംഗീതം എന്നീ ഘടകങ്ങളെക്കുറിച്ച് ഒരുവീണ്ടു വിചാരത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

ഗാനങ്ങൾ നമ്മുടെ മെയിൻസ്ട്രീം സിനിമയുടെ ഒരു അവിഭാജ്യ ഘടകമാണല്ലോ. 1931-ൽ ഇന്ത്യയിലെ ആദ്യത്തെ ശബ്ദിക്കുന്ന സിനിമയായ 'ആലം ആര'യുടെ വരവോടെതന്നെ സിനിമാ ഗാനങ്ങളും ജന്മമെടുത്തു. ഒരു നാടകത്തിന്റെ സിനിമാ രൂപമായ ഈ സിനിമയിൽ നാടകത്തിൽ ഉണ്ടായിരുന്ന ഗാനങ്ങൾ അതുപോലെതന്നെ ഉൾപ്പെടുത്തിയിരുന്നു. ഈ ഗാനങ്ങൾ നാടകത്തിലെ ഗാനങ്ങളുമായി പരിചയം ഉള്ളവരും അല്ലാത്തവരുമായ ജനങ്ങളെ, പ്രത്യേകിച്ച് സാക്ഷരരല്ലാത്ത ജനങ്ങളെ, സിനിമയിലേക്ക് വലിയ തോതിൽ ആകർഷിച്ചു. അവിടംതൊട്ടുതന്നെ ഗാനങ്ങൾ സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രധാനപ്പെട്ട ഘടകമായിത്തീർന്നു.

1931 മുതൽ 1940 വരെ നിർമ്മിക്കപ്പെട്ട 931 ഹിന്ദി സിനിമകളിൽ ഓരോ സിനിമയിലും ശരാശരി പത്ത് ഗാനങ്ങൾ വീതം ഉണ്ടായിരുന്നു. 'ആലം ആര'യിൽ ഏതാണ്ട് പന്ത്രണ്ടോളം ഗാനങ്ങൾ ഉണ്ട്. ആദ്യ കാലത്തെ മറ്റൊരു സിനിമയായ 'ഇന്ദ്ര സഭ'യിൽ ഏകദേശം നാൽപ്പത്തി രണ്ട് ഗാനങ്ങൾ ഉണ്ടത്രേ. അക്കാലത്തെ തമിഴ് സിനിമ ഗാനങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. അക്കാലത്തെ ഒരു തമിഴ് സിനിമയിൽ ഏതാണ്ട് അറുപത് ഗാനങ്ങൾ വരെ ഉണ്ടായിരുന്നു. അതായത്, ഒരു മൂന്നു മണിക്കൂർ സിനിമയിൽ ഏതാണ്ട് രണ്ട് മണിക്കൂർ ഗാന രംഗങ്ങൾക്കായി നീക്കിവെക്കുക എന്നത് അക്കാലത്ത് സർവസാധാരണമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യൻ സിനിമ ശബ്ദിച്ചു തുടങ്ങിയപ്പോൾ തൊട്ടുതന്നെ ഗാനങ്ങൾ സിനിമകളുടെ ഒരു പ്രധാന ഭാഗമായിരുന്നു.


Related Articles