ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ മാസ്മരിക എഴുത്തുകാരൻ ഗബ്രിയൽ ഗാർഷ്യാ മാർകേസ് സൃഷ്ടിച്ച മാന്ത്രിക യാഥാർത്ഥ്യ (magical realist) ലോകത്തിലെ വിസ്മയകരങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോകാത്ത വായനക്കാർ വിരളമാണ്. യാഥാർത്ഥ്യവും മിഥ്യയും സ്വപ്നങ്ങളും ഇടകലരുന്ന ആ അത്ഭുതലോകത്തിൽ മൽസ്യങ്ങൾ പറന്നുനടക്കുകയും പെൺകുട്ടികൾക്ക് ചിറകുകൾ മുളക്കുകയും ചെയ്യുന്നത് സ്വാഭാവികതയോടെ അനുഭവിച്ചവരാണ് നാം. മാജിക്കൽ റിയലിസം ,ഗബ്രിയേൽ ഗാർഷ്യാ മാർകേസിന്റെമറ്റൊരു പേരായാണ് ലോകം സ്വീകരിക്കുന്നത്. എഴുത്തിന്റെ അപൂർവ്വവും അനന്യവുമായ ലോകം വായനക്കാർക്ക് ബാക്കിവെച്ചു കൊണ്ട്,തന്റെ എൺപത്തേഴാം വയസ്സിൽ മാർകേസ് ലോകത്തോട് വിടപറഞ്ഞപ്പോൾ, ദേശഭാഷ വ്യതാസങ്ങൾ മറന്ന് അദ്ദേഹത്തിന്റെ വായനക്കാർ ദു:ഖിച്ചു, അനശ്വരനായ എഴുത്തുകാരനായി അദ്ദേഹം ചരിത്രത്തിൽ ഇടം പിടിച്ചു.
മാർകേസ്ആഘോഷങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകൾ പഠനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കപ്പെടുമ്പോൾ, അവയ്ക്കിടയിൽ ചലച്ചിത്രരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടത്ര പരിഗണിക്കപ്പെട്ടുവോ?. മറ്റൊരു എഴുത്തുകാരനുമില്ലാത്ത രീതിയിൽ സിനിമയുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നുവെന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ, എഴുത്തുകാരനാകാതെ, സിനിമാസംവിധായകനാകണമെന്ന് ആഗ്രഹിച്ച മാർകേസ്, സുഹൃത്തുക്കളുമായി ചേർന്ന് ഒരു പരീക്ഷണ ചിത്രം സംവിധാനം ചെയ്തിരുന്നു. മികച്ച ഒരു ചലച്ചിത്രനിരൂപകൻ, പരീക്ഷണചിത്രങ്ങളേക്കുറിച്ച് പഠനം നടത്തിയ ചലച്ചിത്രവിദ്യാർത്ഥി, ഫിലിം ഇൻസ്റ്റിറ്റിയട്ട് ഡയറക്റ്റർ, ചലച്ചിത്ര അദ്ധ്യാപകൻ, തിരക്കഥാകൃത്ത് തുടങ്ങി വ്യത്യസ്തങ്ങളായ പല രൂപങ്ങളിലും മാർകേസ് ചലച്ചിത്രരംഗവുമായി അടുത്ത് ബന്ധപ്പെടുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ, അദ്ദേഹത്തിന്റെ പല കഥകൾക്കും നോവലുകൾക്കും ലോകപ്രസിദ്ധരായ സംവിധായകർ ചലച്ചിത്രഭാഷ്യം നൽകിയിരുന്നു.
ബാല്യകാലത്ത് തുടങ്ങിയ സിനിമയുമായുള്ള അടുത്ത ബന്ധം തന്റെ അവസാന കാലം വരെ മാർകേസ് നിലനിർത്തി. 1927-ൽ ഉത്തര കൊളംബിയയിലെ അർക്കാറ്റാക്കയിൽ ജനിച്ച മാർകേസ്, മുത്തച്ഛനൊപ്പം താമസിക്കുമ്പോൾ ബാല്യകാലത്ത് തുടങ്ങിയ ചലച്ചിത്രങ്ങളുമായുള്ള ബന്ധം, പിൽക്കാലത്ത് ഗൗരവമായ ഒരു കലാരൂപമായി സിനിമയെ കാണാൻ അദ്ദേഹത്തെ പ്രേരിപ്പിക്കയായിരുന്നു. അക്കാലത്ത്,കൊച്ചു ഗോബിറ്റയെ, മുത്തഛൻ കേണൽ നിക്കോളാസ് മാർകേസ്‌നഗരം കാണിക്കാനായി കൊണ്ടുപോകുക പതിവായിരുന്നു. അതിനിടയിൽ അവിടത്തെ പ്രധാന തിയേറ്ററായ 'ഒളിമ്പ്യ മൂവി ഹൗസി'ൽപോയി അവർ സിനിമ കാണാറുണ്ട്. സിനിമ കണ്ടുമടങ്ങുന്ന വഴിയിൽ അതിന്റെ കഥ പറയാൻ കേണൽഗാബിറ്റയോട് ആവശ്യപ്പെടുക പതിവായിരുന്നു. അതുവഴി, കഥപറച്ചിലെന്ന കല പരിശീലിക്കാനും അതോടൊപ്പം സിനിമകൾ ആഴത്തിൽ പഠിക്കാനും മാർകേസിനു കഴിഞ്ഞു. സന്തോഷകരമായ ആ ബാല്യകാലം മാർകേസ് ഇങ്ങിനെ ഓർമ്മിക്കുന്നു: ''നേന്ത്രപ്പഴം കൃഷിചെയ്യുന്ന പ്രദേശമായിരുന്നതിനാൽ കൊളംബിയയിൽ ആദ്യമായി സിനിമകൾ പ്രദർശിപ്പിച്ചിരുന്ന സ്ഥലങ്ങളിൽ അർക്കാറ്റാക്കയും ഉൾപ്പെട്ടിരുന്നു. അങ്ങിനെ, അമേരിക്കയിൽ എത്തുന്ന പുതിയഏതു കാര്യവും, യുനൈട്ടഡ്ഫ്രൂട്ട് കമ്പനി വഴി അർക്കാറ്റാക്കയിൽ ലഭിക്കുമായിരുന്നു. അങ്ങിനെയാണ് രാജ്യത്ത് മറ്റെവെടിയുമില്ലാതിരുന്ന സിനിമാ തിയേറ്ററുകൾ അർക്കാറ്റാക്കയിൽ സ്ഥാപിക്കപ്പെടുന്നത്. അക്കാലത്ത് മുത്തച്ഛൻ എന്നെ എല്ലാ സിനിമകൾക്കും കൊണ്ടു പോകാറുണ്ട്. Tom Mix, Tim Mc-Coy (അമേരിക്കൻ നടന്മാർ) എന്നിവരെ അന്ന് കണ്ടിരുന്നത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. ഡ്രാക്കുളയുടെമെക്‌സിക്കൻ ചലച്ചിത്രരൂപം തിയേറ്ററിൽ കണ്ട ഓർമ്മയും എനിക്കുണ്ട്. വീടിനടുത്തുള്ള തിയേറ്ററിൽ നിന്ന് വെടിയൊച്ച കേൾക്കുമ്പോൾ ഞങ്ങളൊരുമിച്ച് പറയും:'ഓ! അതൊരു അമേരിക്കൻ സിനിമയാണല്ലോ!'.അന്ന് ഞങ്ങൾക്ക് കൂടുതലിഷ്ടം കൗബോയ് സിനിമകളായിരുന്നു. അവിടത്തെ തിയേറ്ററിനു മേൽക്കൂരയില്ലാതിരുന്നതിനാൽ, മഴപെയ്യുമ്പോൾ ഞങ്ങൾ ഇറങ്ങിയോടും!''.
