സിനിമയുടെ വികാസഘട്ടത്തിൽ നിർമ്മിക്കപ്പെട്ട രണ്ട് നിശ്ശബ്ദക്ലാസ്സിക്കുകൾ ഈ വർഷം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. കഴിഞ്ഞ നൂറുവർഷമായി, മഹത്തായ ഒരു ചലച്ചിത്ര പാഠപുസ്തകമെന്ന നിലയിൽ സിനിമാലോകം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഐസൻസ്റ്റീനിന്റെ റഷ്യൻ ചിത്രം "ബാറ്റിൽഷിപ്പ് പോതെംകിൻ’ പുറത്തിറങ്ങിയ 1925-ൽതന്നെയാണ്, ചാർലി ചാപ്ലിൻ "ദ ഗോൾഡ് റഷ്' പൂർത്തിയാക്കു ന്നത്. ആറു മാസത്തിനിടയിൽ സിനിമാലോകം അത്ഭുതത്തോടെ സ്വീകരിച്ച ഈ രണ്ട് ചിത്രങ്ങളും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചരിത്രത്തിലെ അപൂർവ്വമുഹൂർത്തങ്ങളെ വ്യത്യസ്തരീതികളിൽ ആവിഷ്കരിക്കുന്ന "ബാറ്റിൽഷിപ്പ് പോതെംകിനും' "ദ ഗോൾഡ് റഷും' ജീവിതത്തിൽ മാറ്റങ്ങളാഗ്രഹിക്കുന്നവരുടെ പ്രതിസന്ധികളാണ് ദൃശ്യവൽക്കരിച്ചത്. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന റഷ്യൻ സംവിധായകൻ ഐസൻസ്റ്റീൻ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളും സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ അതിക്രമങ്ങളും ജനകീയ പോരാട്ടങ്ങൾവഴി അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് "സ്ട്രൈക്', "ബാറ്റിൽഷിപ് പോതെംകിൻ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത്.ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽപോലും അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പൂർത്തീകരണങ്ങളാഗ്രഹിക്കുന്ന ജീവിതങ്ങളാണ് "ദ ഗോൾഡ് റഷി'ൽ ചാപ്ലിൻ ദൃശ്യവൽക്കരിച്ചത്. മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രത്യയശാസ്ത്രമാണ് മറ്റെല്ലാ ചിത്രങ്ങളിലുമെന്നപോലെ അതിലും അദ്ദേഹം മുമ്പോട്ടുവെക്കുന്നത്. ശക്തവും നൂതനവുമായ എഡിറ്റിങ് രീതിയായ സോവിയറ്റ് മൊണ്ടാഷ് വഴി ഭാവിചലച്ചിത്രങ്ങൾക്ക് മാതൃകയായി മാറിയ "ബാറ്റിൽഷിപ്പ് പോതെംകിനി'ൽ നിന്ന് വ്യത്യസ്തമായി, സവിശേഷമായ ശരീരഭാഷയും ചലനങ്ങളും വഴി കോമഡിക്ക് പുതിയൊരു അദ്ധ്യായം സൃഷ്ടിച്ച ചാപ്ലിന്റെ "ദ ഗോൾഡ് റഷ്’ നർമ്മത്തിന്റെയും സ്നേഹത്തിന്റെയും അടിയൊഴുക്കുകളിലൂടെയാണ് മുമ്പോട്ടുപോകുന്നത്.
"ബാറ്റിൽഷിപ്പ് പോതെംകിനും' "ദ ഗോൾഡ് റഷും' അവ പുറത്തിറങ്ങിയ കാലഘട്ടത്തിലെയും പിൽക്കാലത്തെയും എഴുത്തുകാരെയും മറ്റ് പ്രതിഭാശാലികളെയും നിർണ്ണായകമായി സ്വാധീനിച്ചു. "ബാറ്റിൽഷിപ്പ് പോതെംകിൻ' കണ്ട്, സ്വയം മറന്ന് ആവേശപൂർവ്വം ആർത്തുവിളിച്ച ആൽബർട് ഐൻസ്റ്റീൻ,"ദ ഗോൾഡ് റഷ്'ഒരു മഹാകാവ്യംതന്നെയാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ ബോർഹസ് എന്നിവർ നിരവധി സിനിമകൾ കണ്ടതിനുശേഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നു. "ബാറ്റിൽഷിപ്പ് പോതെംകിൻ' നിരോധിച്ച ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ ശക്തമായി പ്രതികരിച്ച ബർണാഡ് ഷാ, ചിത്രത്തെക്കുറിച്ച് കവിതയെഴുതിയ ബ്രെഹ്ത് എന്നിവർ "ദ ഗോൾഡ് റഷ'ടക്കമുള്ള ചാപ്ലിൻ ചിത്രങ്ങളെ ഇതിഹാസ ങ്ങളെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പോതെംകിനിലെ ഒഡേസാ പടവ് ദൃശ്യങ്ങളിലെ സ്ത്രീയുടെ "നിലവിളി' വിവിധ രൂപമാറ്റങ്ങളോടെ സൃഷ്ടിച്ച പ്രശസ്ത ഐറിഷ് ചിത്രകാരൻ ഫ്രാൻസിസ് ബേക്കൺ, ഇറ്റാലിയൻ ചിത്രകാരനായ വലേറിയോ അദാമി എന്നിവരുടെ കലാജീവിതങ്ങളെ ഐസൻസ്റ്റീൻ ചിത്രം നിർണ്ണായകമായി സ്വാധീനിച്ചിരുന്നു. ലോകസിനിമയിൽ ബാറ്റിൽഷിപ്പിന്റെ സ്വാധീനത്താൽ നിരവധി ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത റുമാനിയൻ നവതരംഗചലച്ചിത്രകാരൻ റാഡു ജൂഡിന്റെ ഷോർട്ട് ഫിലിം "ദ പോതെംകിസ്റ്റ്സ്' (Tha Potemkinists) അവയിൽ പുതിയതും ശ്രദ്ധേയവുമാണ്.
