നാഗവല്ലിയുടെ ചിലങ്കകൾ

Cinema

നാഗവല്ലിയുടെ ചിലങ്കകൾ


ജാതി വിവേചനത്തിന്റെയും പോലീസ് അതിക്രമങ്ങളുടെയും തീവ്ര ദൃശ്യാഖ്യാനമായ 'ജയ്ഭീം' (സംവിധാനം: ജ്ഞാനവേൽ) എന്ന തമിഴ് സിനിമ പുറത്തിറങ്ങിയപ്പോൾ എന്തുകൊണ്ട് അത്തരം സിനിമകൾ മലയാളത്തിലൂണ്ടാവുന്നില്ല എന്നൊരു ചോദ്യമുയരുകയുണ്ടായി. കേരളവും മലയാളവുമായുള്ള നിരവധി ഇടപാടുകൾ ആ സിനിമയിലുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ നടന്ന രാജൻസംഭവത്തിന്റെ പരാമർശത്തിനുപുറമേ മലയാളികളായ ലിജോമോൾ ജോസ്, കെ. മണികണ്ഠൻ, രജിഷവിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമയിലെ നീതിന്യായ നടപടികൾക്ക് കമ്യൂണിസ്റ്റ് പാർട്ടി ചരിത്രവുമായി ബന്ധമുണ്ട്. മൂന്നാറിലെ തമിഴ് മേഖലകളിലേക്ക് നീളുന്നതാണ് അതിന്റെ ആഖ്യാനവിസ്തൃതി.

കേരളവും തമിഴ്‌നാടും ഒരുകാലത്ത് ഒരേ ഭരണസംവിധാനം കൊണ്ട് ഏകീകരിക്കപ്പെട്ട വിശാലഭൂപ്രദേശമായിരുന്നു. രണ്ടായ ശേഷവും മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യഥേഷ്ടം ജലമൊഴുകുന്നു. വാളയാർ ചുരം കടന്ന് കിഴക്കൻ മേഘങ്ങൾ 'പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ ആട്ടിത്തെളിച്ചു കൊണ്ട്1 കേരളത്തിലെത്തുന്നു. രണ്ടു ദേശങ്ങൾ ജലംകൊണ്ട് പരസ്പരം വിനിമയം നടത്തുന്നു. വാണിയെന്നാൽ വാക്കും ഒഴുക്കുമാണ്, രണ്ടുഭാഷകളിലും. തമിഴിൽ നിന്ന് ഗതിമാറി ഒഴുകിയ മലയാളത്തിന്റെ അതിർത്തികൾ മലയും ആളവുമാണ്. കടലും മലയും അതിരുനിന്നതിനാൽ മലയാളത്തിന് വേറെ ആചാരങ്ങളും ജാതികളും പരിഷ്‌കാരങ്ങളുമുണ്ടായി. സംസ്‌കൃതം കഴിഞ്ഞാൽ മലയാളം കൂടുതലായിടപെട്ടത് ഇംഗ്ലീഷ്, അറബി,പേർഷ്യൻ തുടങ്ങിയ വൈദേശിക ഭാഷകളോടും അവയുടെ സംസ്‌കൃതികളോടുമായിരുന്നു. സഹ്യപർവ്വതം കിഴക്കോട്ടു പോകുന്ന മഴമേഘങ്ങളെ തടഞ്ഞുനിർത്തി മഴപെയ്യിച്ചു. അത് കേരളത്തെ ജലസമൃദ്ധവും ഹരിതാഭവുമാക്കിയതിനൊപ്പം കിഴക്കൻ പ്രദേശങ്ങളെ ഊഷരവുമാക്കി. തമിഴ്‌നാട്ടിൽ വരൾച്ചയും വെള്ളപ്പൊക്കങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും നിരന്തരം അരങ്ങേറിക്കൊണ്ടിരുന്നപ്പോഴൊക്കെയും മലയാളിജീവിതം സുരക്ഷിതമായിരുന്നു. മലനാട്ടിലും തീരപ്രദേശങ്ങളിലും ജീവിതം താരതമ്യേന ദുഷ്‌കരമായിരുന്നെങ്കിലും ഇടനാട്ടിൽ അങ്ങനെയായിരുന്നില്ല. മലയാളി 'തൻറേടം' വേലികെട്ടി സംരക്ഷിച്ചുനിർത്തി.2 മലയാളത്തിന്റെ പൂർവ്വഭാരമത്രയും തമിഴിലാണുള്ളത്. സംഘകാലസാഹിത്യം മലയാളത്തിന്റെതു കൂടിയാണ്. ചിലപ്പതികാരത്തിലെ കണ്ണകി പ്രാചീനമലയാളിയാണ്. അതുകൊണ്ടൊക്കെയാണ് ഗംഗ (മണിച്ചിത്രത്താഴ്) ഭൂതാവേശിതയാവുമ്പോൾ തമിഴത്തിയായ നാഗവല്ലിയായി മാറുന്നത്. തമിഴിൽ നിന്നുൽഭവിച്ചുവെങ്കിലും പിന്നീട് മലയാളത്തിന്റെ സഹവാസമത്രയും സംസ്‌കൃതവുമായിട്ടായിരുന്നു. തമിഴരാവട്ടെ സംസ്‌കൃതത്തെ പരമാവധി അകറ്റി നിർത്തി. ഭാഷകൾ രണ്ടൂം ഭിന്നദിശകളിൽ സഞ്ചരിച്ച് അകന്നുപോയെങ്കിലും ഭൂപ്രദേശങ്ങൾ രണ്ടും സഹ്യപർവ്വതത്തിന്റെ ഇടവും വലവുമായി നിലകൊണ്ടു.

ആധുനികകാലത്ത് സിനിമകളാണ് ഇരുഭാഷകളും തമ്മിലുള്ള വിനിമയത്തിന് കാരണമായ മുഖ്യമാദ്ധ്യമം. സബ്‌ടൈറ്റിലുകളുടെ സഹായമില്ലാതെതന്നെ മലയാളി പ്രേക്ഷകർക്ക് കണ്ടറിയാവുന്ന തമിഴ് സിനിമകൾ വ്യാപകമായി കേരളത്തിൽ റിലീസ് ചെയ്യപ്പെടുന്നുണ്ട്. തമിഴ്താരങ്ങൾ ഇവിടെയും കൊണ്ടാടപ്പെടുന്നു. മലയാളത്തിനും തമിഴിനുമിടയിൽ ഇതരഭാഷയുടെ മാദ്ധ്യസ്ഥമില്ലാതെ വലിയൊരളവ് ആശയവിനിമയം സാദ്ധ്യമാണ്. തമിഴ്ജീവിതവും സംസ്‌ക്കാരവും പലതരം പ്രതിനിധാനങ്ങളായി മലയാളസിനിമയിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതേ അളവിൽ മലയാളിസാന്നിദ്ധ്യം തമിഴ് സിനിമയിലുണ്ടെന്നു തോന്നുന്നില്ല. മലയാളിജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ പലപ്പോഴും തമിഴിനെ ആസ്പദമാക്കി വിലയിരുത്തപ്പെടാറുമുണ്ട്. ബംഗാളികളുടെ വരവിനുമുൻപ് തമിഴ്‌തൊഴിലാളികളായിരുന്നു കേരളത്തിലെ അവിദഗ്ദ്ധ തൊഴിൽ മേഖലയിലെ പ്രധാനസാന്നിദ്ധ്യം. അന്യരെങ്കിലും അന്യമല്ലാത്തതാണ് ആ ജീവിതങ്ങൾ.


Related Articles