We Photograph things in order to drive them out of our minds. My stories are my way of shutting my eyes. - Franz Kafka
ലോകം കണ്ട മികച്ച എഴുത്തുകാരിലൊരാളായ ഫ്രാൻസ് കാഫ്ക (Franz Kafka,1883- 1924) സൃഷ്ടിച്ച ഇരുണ്ട ലോകത്തിന്റെ തീഷ്ണതയും അതിലെ സർറിയലിസ്റ്റ് പരിസരങ്ങളും അനുഭവിക്കാതെ അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നു പോകാനാകില്ല. അസംബന്ധവും അന്യവുമായ ലോകത്തിൽ അനുഭവിക്കുന്ന അസ്തിത്വത്തിന്റെ ആശങ്കകളും അനീതിയും കുറ്റബോധവും അന്യവൽക്കരണവും തകർക്കുന്ന ജീവിതങ്ങളും ആവിഷ്‌ക്കരിച്ച കാഫ്ക, തന്റെ ജീവിതത്തിലനുഭവിച്ച ദുരന്തങ്ങൾ കഥാപാത്രങ്ങളിലൂടെ രേഖപ്പെടുത്തിയശേഷം ആരേയും കാണിക്കാതെ എല്ലാം കത്തിച്ചുകളായാൻ സുഹൃത്തിനോടാവശ്യപ്പെടുകയായിരുന്നു. എന്നാൽ കാഫ്കയുടെ സുഹൃത്ത് മാക്‌സ് ബ്രോഡ് താൽപ്പര്യത്തോടെ അവയൊക്കെ വായനക്കാർക്ക് മുമ്പിലെത്തിച്ചു. അക്കാലത്തും അതിനു ശേഷവും ജീവിച്ച എഴുത്തുകാരും വായനക്കാരും അദ്ദേഹത്തിന്റെ രചനകൾക്ക് മുമ്പിൽ അത്ഭുതപ്പെട്ടു നിന്നു. 'ആധുനിക കാലത്തെ ദാന്തേ'യായി വിശേഷിപ്പിക്കപ്പെട്ട കാഫ്ക, ബോർഹസ്, മാർകേസ് തുടങ്ങി, മികച്ച പല എഴുത്തുകാർക്കും വഴികാട്ടിയായി മാറി. നാൽപ്പത് വർഷക്കാലത്തെ ജീവിതാനുഭവങ്ങളിൽ, അർത്ഥരഹിതമായ നിയമത്തിന്റെ നൂലാമാലകളും, ജീവിതവഴികൾ തെറ്റിക്കുന്ന രാവണൻ കോട്ടകളും, ഭീതിപ്പെടുത്തുന്ന അധികാരവ്യവസ്ഥകളും അദ്ദേഹത്തെ പിടിച്ചുലച്ചു. തന്റെ ജീവിതത്തിൽ ഇരുട്ട് പരത്തിയ പിതാവിന്റെ നിഴലിൽ നിന്ന് കാഫ്കയ്ക്ക് ഒരിക്കലും മോചനം കിട്ടിയില്ല.
