ഒലിവർ ലാക്സ് സംവിധാനം ചെയ്ത ‘സിറാത്ത്’ സ്വാതന്ത്ര്യം, വിശ്വാസം, സ്റ്റേറ്റ് അധികാരം, മനുഷ്യന്റെ അസ്തിത്വ ഭയം എന്നിവയെ ഒരേസമയം ചോദ്യം ചെയ്യുന്ന ശക്തമായ സിനിമയാണ്. കാണാതായ മകളെ തേടുന്ന ഒരു പിതാവിന്റെ യാത്രയായി ആരംഭിക്കുന്ന ഈ ചിത്രം, ക്രമേണ മനുഷ്യൻ സ്വാതന്ത്ര്യത്തെ തേടി നടത്തുന്ന അനന്തമായ യാത്രയുടെ ദാർശനിക ആഖ്യാനമായി മാറുന്നു.
തെക്കൻ മൊറോക്കോയിലെ മരുഭൂമികളിൽ നടക്കുന്ന റേവുകളാണ് സിനിമയുടെ പശ്ചാത്തലം. ഇവിടെ മനുഷ്യൻ നിയമങ്ങൾക്കപ്പുറത്ത് ജീവിക്കാനുള്ള ശ്രമത്തിലാണ്.
ലൂയിസ് തന്റെ മകൻ എസ്റ്റെബനൊപ്പം കാണാതായ മകളായ മാർയെ തേടി മരുഭൂമിയിലെ ഒരു റേവിലേക്ക് എത്തുന്നു. റേവ് ജീവിതം തിരഞ്ഞെടുത്ത യുവത്വത്തിന്റെ അടയാളമായ റേവുകൾ, സംഗീതവും ലഹരിയും സ്വാതന്ത്ര്യവും ചേർന്ന ഇടങ്ങളാണ്. അവിടെ നിന്നും അവർക്ക് അറിയാൻ സാധിക്കുന്നത്, മരുഭൂമിയുടെ കൂടുതൽ ആഴത്തിൽ മറ്റൊരു റേവ് നടക്കുന്നുണ്ടെന്നും മാർ അവിടെ ഉണ്ടാകാമെന്നുമാണ്.
