സമയത്തിൽ കൊത്തിയ ശില്പമാണ് സിനിമ എന്ന താർക്കോവ്സ്കിയൻ സങ്കല്പത്തെ സ്ഥലത്തിൽ കൊത്തിയ ശില്പം എന്നും വായിക്കാവുന്നതാണ്. സ്ഥലത്തോടും കാലത്തോടും മനുഷ്യന്റെ സർഗാത്മകത നടത്തുന്ന നിരന്തര ഉപജാപമാണ് സിനിമ. കാമറ സ്ഥലത്തെയും എഡിറ്റിങ് സമയത്തെയും വരുതിയിലാക്കാൻ ശ്രമിക്കുന്നു. ചലച്ചിത്രബിംബങ്ങൾ സമയത്തിലൂടെ സഞ്ചരിക്കുന്ന സ്ഥലരാശികളുടെ അടയാളപ്പെടുത്തലുകളാണ്. നിശ്ചിത സമയഖണ്ഡങ്ങൾക്കുള്ളിലുള്ള സ്ഥലരാശികളുടെ സംഘാടനമാണ് മിസൊ -സീനി (mise-en-scene)ലൂടെയും മൊൺടാഷിലൂടെയും സാധ്യമാവുന്നത്. സിനിമ ഷൂട്ട് ചെയ്യാനും വേണം സ്ഥലങ്ങൾ. ഷൂട്ട് ചെയ്ത ഫുറ്റേജുകൾ പ്രദർശിപ്പിക്കാൻ തിയേറ്ററുകളുടെ ആർക്കിടെക്ടറൽ ഇടം ആവശ്യമാണ്. ഷൂട്ട് ചെയ്ത ഫുറ്റേജുകൾ സമന്വയിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആഖ്യാനത്തിന്റെ ഒരു പ്രതീതി ഇടമാണ് നമ്മൾ സ്‌ക്രീനിൽ കാണുന്നത്. കഥാപാത്രങ്ങളും ഷൂട്ടുചെയ്ത ഫുറ്റേജിലെ ഭൗതികയിടവും തമ്മിലുള്ള അന്യോന്യമാണ് ഈ പ്രതീതി ഇടത്തെ സൃഷ്ടിക്കുന്നത്. സിനിമാകൊട്ടകയുടെ ആർക്കിറ്റെക്ടറൽ ഇടത്തിനുള്ളിൽ സ്ഥാനപ്പെടുന്ന കാണിയുടെ ആപേക്ഷിക ഇടവും സ്ക്രീനിലെ പ്രതീതി ഇടവും തമ്മിൽ പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് സിനിമാനുഭവം സൃഷ്ടിക്കപ്പെടുന്നത്.
